കോട്ടയം: നഗരസഭയുടെ പനച്ചിക്കാട്ടെ സ്ഥലത്തേക്ക് റോഡ് നിർമിക്കാനായി സമീപത്തെ സ്വകാര്യഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാൻ കോട്ടയം നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. നാട്ടകം പഞ്ചായത്ത് നിലവിലുണ്ടായിരുന്നപ്പോഴാണ് പനച്ചിക്കാട്ട് 68 സെന്റ് സ്ഥലം വാങ്ങിയത്. പിന്നീട് നാട്ടകം പഞ്ചായത്ത് നഗരത്തിന്റെ ഭാഗമായതോടെ സ്ഥലം നഗരസഭയുടെ ഉടമസ്ഥതയിലായി. ഉയർന്ന സ്ഥലമായ ഇവിടുത്തെ മണ്ണ് നീക്കം ചെയ്താൽ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്ന് കണ്ടതോടെ ഇതിന് അനുമതിതേടി വിഷയം കൗൺസിലിന്റെ പരിഗണനക്കായി എത്തുകയായിരുന്നു.
ഈ സ്ഥലത്ത് ലൈഫ് മിഷൻ പദ്ധതിപ്രകാരം വീടുകൾ നിർമിക്കാൻ ഉപയോഗിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇവിടെനിന്ന് നീക്കുന്ന മണ്ണ് നാഗമ്പടം നെഹ്റു സ്റ്റേഡിയമടക്കമുള്ള സ്ഥലങ്ങൾ ഉയർത്താൻ ഉപയോഗിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
എന്നാൽ, സ്ഥലം സന്ദർശിച്ച സെക്രട്ടറി വീട് നിർമിക്കാൻ അനുയോജ്യമല്ലെന്നാണ് വ്യക്തമാക്കിയതെന്നും മണ്ണെടുത്ത് സ്ഥലം നിരപ്പാക്കിയശേഷം അടുത്തഘട്ടമായി സ്ഥലഉപയോഗത്തെക്കുറിച്ച് തീരുമാനിക്കാമെന്നും ചെയർപേഴ്സൺ വ്യക്തമാക്കി. നിലവിൽ വസ്തുവിലേക്ക് വഴിയില്ലെന്നും സമീപത്തെ സ്വകാര്യവ്യക്തി അനുവദിച്ചാൽ മാത്രമേ ഇവിടേക്ക് എത്താൻ കഴിയുകയുള്ളൂവെന്ന് സെക്രട്ടറിയും അറിയിച്ചു. സ്വകാര്യവ്യക്തിയുമായി നടത്തിയ ചർച്ചയിൽ മണ്ണെടുക്കാനായി വഴി അനുവദിക്കുമെങ്കിലും ഇതിനുശേഷം അടച്ചുകെട്ടുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. ഇതോടെ സ്ഥലത്തേക്ക് സ്ഥിരം വഴി നിർമിക്കണമെന്നാവശ്യം കൗൺസിലർമാർ ഉയർത്തി. തുടർചർച്ചയിലാണ് സ്വകാര്യവ്യക്തിയുടെ സ്ഥലം ഏറ്റെടുത്ത് സ്ഥിരം വഴിനിർമിക്കാനുള്ള നടപടികൾ സർക്കാർ തലത്തിൽ കൈക്കൊള്ളമെന്നാവശ്യപ്പെട്ട് കത്ത് നൽകാൻ തീരുമാനിച്ചത്.
വിവിധ ആവശ്യങ്ങൾക്കായി നഗരസഭ ഓഫീസിലെത്തുന്ന പൊതുജനങ്ങളോട് ചില ജീവനക്കാർ അപമര്യാദയായി പെരുമാറുന്നതായും കൗൺസിലർമാർ ആരോപിച്ചു. ഇവരെ തിരുത്താൻ സെക്രട്ടറി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
പൈപ്പിലൂടെ പ്രകൃതിവാതകം (പൈപ്പ്ഡ് നാച്വറൽ ഗ്യാസ് -പി.എൻ.ജി) അടുക്കളകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി കൗൺസിൽ ചർച്ച ചെയ്തു. ഷോല ഗ്യാസ്കോ കമ്പനി പ്രതിനിധികൾ പദ്ധതി നടപ്പാക്കുന്ന രീതി അവതരിപ്പിച്ചു. ഉപഭോക്താക്കൾ 7500 രൂപ നൽകിയാലേ കണക്ഷൻ ലഭിക്കൂ. ഈ തുക കുറക്കണമെന്ന് ആവശ്യമുയർന്നു. ഇക്കാര്യം വിശദമായി ചർച്ച ചെയ്യാമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.