കോട്ടയം: 19 വർഷമായി നഗരത്തിന്റെ വഴിയോരങ്ങളിൽ അത്തറിന്റെയും ഊദിന്റെയും സൗരഭ്യം പരത്തുകയാണ് ശാസ്താംകോട്ട സ്വദേശി മുഹമ്മദ് കുഞ്ഞ്. ഈ പെരുന്നാൾ ദിനത്തിലേക്കും വിവിധ അത്തറിന്റെയും ഊദിന്റെയും വൈവിധ്യങ്ങൾ മുഹമ്മദ് കുഞ്ഞ് ഒരുക്കിയിട്ടുണ്ട്. പുണ്യമാസമായ റമദാനിൽ അത്തറിന് ആവശ്യക്കാർ ഏറെയാണ്. കുവൈത്ത് ഊദ്, ഇന്ത്യൻ ഊദ്, സബായ, ജോർദാൻ എന്നിവക്ക് പുറമേ ചെമ്പകം, ചന്ദനം, രാമച്ചം, ബ്ലൂ ലേഡി, ഫാരനെറ്റ് തുടങ്ങിയ സുഗന്ധങ്ങളിലും അത്തറുകൾ ഇവിടെ ലഭിക്കും. പെർഫ്യൂമുകൾക്കാണ് ആവശ്യക്കാരേറെയെങ്കിലും സ്ഥിരം ഉപഭോക്താക്കൾ അത്തറും ഊദും തേടി ഇവിടേക്കെത്താറുണ്ട്.
റമദാൻ മാസം ഭൂമിക്കും ജനങ്ങൾക്കും സന്തോഷം നൽകുന്ന പുണ്യങ്ങളുടെ പൂക്കാലമാണെന്നും പെരുന്നാൾ ദിവസം സുഗന്ധം പരത്തുന്നത് സൽകർമമാണെന്നും മുഹമ്മദ് കുഞ്ഞ് വിശ്വസിക്കുന്നു. തമിഴ്നാട്, മുംബൈ എന്നിവിടങ്ങളിൽ നിന്നുമാണ് അത്തർ എത്തിക്കുന്നത്. വൈറ്റ്, റെഡ് കുവൈത്ത് ഊദിന് 100 രൂപ മുതലാണ് വില. മൂന്ന് മില്ലിക്ക് 100 രൂപ, ആറ് മില്ലിക്ക് 200 രൂപ, 12 മില്ലിക്ക് 400 രൂപ എന്നിങ്ങനെയാണ് വില. ഇന്ത്യൻ ഊദിനാകട്ടെ മൂന്ന് മില്ലിക്ക് 50 രൂപ, ആറ് മില്ലിക്ക് 100 രൂപ, 12 മില്ലിക്ക് 150 രൂപ എന്നിങ്ങനെയാണ് വില. കത്തുന്ന വെയിലിൽ കച്ചവടം പൊതുവെ കുറവാണ്.
സാധാരണ ദിവസത്തെ അപേക്ഷിച്ച് പെരുന്നാൾ സമയമാകുന്നതോടെ അത്തറിനും ഊദിനും ആവശ്യക്കാരേറെയാണെന്നും മുഹമ്മദ് കുഞ്ഞ് പറയുന്നു. നോമ്പ് കാലത്ത് പകൽസമയത്തെ കച്ചവടം തീരെ കുറവായിരുന്നു. ഇരുട്ടാവുന്നതോടെ കച്ചവടം മതിയാക്കി മുഹമ്മദ് കുഞ്ഞ് നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. എങ്കിലും 19 വർഷമായി ഒരു മുടക്കവും കൂടാതെ നഗരത്തിൽ ഊദിന്റെ സൗരഭ്യം പരത്തുകയാണ് മുഹമ്മദ് കുഞ്ഞ്. പെർഫ്യൂമുകളെക്കാൾ ഏറെനേരം സുഗന്ധം പരക്കുമെന്നതിനാലും തീരെ കാഠിന്യം കുറവുള്ളതിനാലും ഊദും അത്തറും ഏറെ പ്രശസ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.