കോട്ടയം: വേനൽക്കാല ടാപ്പിങ് ഉപേക്ഷിക്കാനുള്ള റബർ ഉൽപാദക സംഘങ്ങളുടെ തീരുമാനത്തിനിടെ, ടാപ്പിങ് തുടരണമെന്ന് ആവശ്യപ്പെട്ട് റബർ ബോർഡ് രംഗത്ത്. ആഭ്യന്തരവിപണിയിൽ റബറിന് ക്ഷാമം നേരിട്ടാൽ അത് ഇറക്കുമതിക്കും വിലയിടിവിനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ബോർഡിന്റെ ഇടപെടൽ. കൃത്യമായി ടാപ്പിങ് നടത്തേണ്ട സമയമാണിതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
‘വിലയില്ലെങ്കിൽ റബറില്ല’ എന്നപേരിൽ നടത്തുന്ന റബർ കർഷക സമരത്തിന്റെ രണ്ടാം ഘട്ടമായിട്ടാണ് വേനൽക്കാല ടാപ്പിങ് ഉപേക്ഷിക്കാൻ റബർ ഉൽപാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ (എൻ.സി.ആർ.പി.എസ്) കർഷകരോട് ആവശ്യപ്പെട്ടത്. വേനൽക്കാലത്ത് ടാപ്പിങ് ഒഴിവാക്കി കർഷകർ പ്രക്ഷോഭത്തിന്റെ ഭാഗമാകണമെന്ന് എൻ.സി.ആർ.പി.എസ് ആവശ്യപ്പെട്ടിരുന്നു. മികച്ച വില ലഭിക്കാത്ത കാലത്ത് ഉൽപാദനം കുറച്ച് റബറിന്റെ പരിപാലനം ഉറപ്പാക്കാൻ കർഷകർ ശ്രമിക്കണമെന്നായിരുന്നു ഇവരുടെ ആഹ്വാനം. വിലക്കുറവിനെ ഉൽപാദനം കൂട്ടി നേരിടണമെന്ന റബർ ബോർഡ് നയം ടയർ ലോബിയെ സഹായിക്കാൻ ലക്ഷ്യമിട്ടാണെന്നും ഇവർ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ്, കൃത്യമായി ടാപ്പിങ് നടത്തി പരമാവധി വിളവ് നേടി അനുകൂലമായ വിപണി സാഹചര്യം പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കണമെന്ന നിർദേശവുമായി ബോർഡ് രംഗത്തെത്തിയത്. പ്രകൃതിദത്ത റബറിന്റെ വില വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ബോർഡ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ആർ.എസ്.എസ് നാല് ഗ്രേഡിന്റെ വില കിലോക്ക് നവംബറിൽ 180 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 192 രൂപയിലെത്തി. രാജ്യാന്തരവിപണിയിലും വില ഉയരുകയാണ്. ബാങ്കോക്ക് മാർക്കറ്റിൽ നവംബറിൽ 186 രൂപയായിരുന്നു ഒരുകിലോ റബറിന്റെ വിലയെങ്കിൽ കഴിഞ്ഞദിവസങ്ങളിൽ ഇത് ഇരുനൂറിലെത്തി. ഏറ്റവും കൂടുതൽ റബർ ഉപയോഗിക്കുന്ന ചൈനയിലെ മാറ്റങ്ങളാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. ചൈനയുടെ റബർ സ്റ്റോക്കിൽ വന്ന കുറവ്, അവരുടെ ഉത്തേജക പാക്കേജുകൾ, ആഗോള ഉദാരവത്കരണം എന്നിവയാണ് വിലയിലെ ഉയർച്ചക്ക് കാരണം. വർഷങ്ങളായി റബർ വില വർധിച്ചുകൊണ്ടിരിക്കുന്ന പ്രവണതയാണ് കാണിക്കുന്നതെന്നും ബോർഡ് അധികൃതർ പറയുന്നു. 2022-23ൽ ശരാശരി വില 140.39 രൂപയായിരുന്നെങ്കിൽ 2024-25 നവംബറിൽ കോട്ടയം വിപണിയിലെ വില 184.85 രൂപയിലെത്തി. മൂന്നുവർഷത്തെ കണക്കെടുത്താൽ ബാങ്കോക്ക് വിപണിയിലും ശരാശരി വില ഉയർന്നു.
പ്രധാന റബർ ഉൽപാദകരാജ്യങ്ങളിൽ ഉൽപാദനം കുറയുന്ന പ്രവണത കാണിക്കുന്നതായും ബോർഡ് അധികൃതർ പറയുന്നു. പ്രകൃതിദത്ത റബറിന്റെ ഉൽപാദനത്തിലെ ഈ ഇടിവ് ആഗോള വിതരണശൃംഖലയെ കൂടുതൽ ബാധിക്കുകയും വരും വർഷങ്ങളിൽ വില വർധിക്കാൻ ഇടയാക്കുകയും ചെയ്യുമെന്നും ബോർഡ് പറയുന്നു.
അതേസമയം, പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് എൻ.സി.ആർ.പി.എസ് ജനറൽ സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു. ഉൽപാദനം വർധിക്കുന്ന പ്രവണത ഉണ്ടായാൽ വില ഇടിക്കുന്ന രീതിയാണ് വർഷങ്ങളായി റബർ ലോബി ചെയ്യുന്നത്. അടുത്തമാസങ്ങളിൽ വില ഇനിയും ഉയരുമെന്നും ഈ ഘട്ടത്തിൽ ടാപ്പിങ് നടത്താനാണ് ഉേദശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.