കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന ‘സഹയാത്രിക’യുമായി ബന്ധപ്പെട്ട ബോർഡ്
കോട്ടയം: സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ‘സഹയാത്രിക’യോട് കൂട്ടുകൂടാൻ മടിച്ച് കോട്ടയം. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് രാത്രിയിലടക്കം ഭീതികൂടാതെ വിവിധസ്ഥലങ്ങളിലേക്കും വീടുകളിലേക്കും യാത്ര ചെയ്യാൻ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ 2024ലാണ് ജില്ല പഞ്ചായത്തും പൊലീസും ചേർന്ന് സഹയാത്രികയെന്ന പേരിൽ പദ്ധതി ഒരുക്കിയത്. നഗരത്തിൽ സർവിസ് നടത്തുന്നവയിൽനിന്ന് തെരഞ്ഞെടുത്ത ഓട്ടോറിക്ഷകളാണ് സഹയാത്രികക്കായി സജ്ജമാക്കിയത്. കോട്ടയം കെ.എസ്.ആ.ടി.സി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, നാഗമ്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിച്ചത്.
പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് കണ്ടെത്തിയവരെയും മാന്യമായ ഇടപെടുന്നവരെയുമാണ് പദ്ധതിയുടെ ഭാഗമാക്കിയത്. ജില്ല ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഡ്രൈവർമാർക്ക് ഏകദിന പരീശിലനവും നൽകിയിരുന്നു. 25 ഓട്ടോറിക്ഷകളാണ് സഹയാത്രികയുടെ ഭാഗമാക്കിയത്. ഇവരുടെ പേരു വിവരങ്ങളും ഫോൺ നമ്പറുകളും ഉൾപ്പെടുത്തി കെ.എസ്.ആ.ടി.സി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, നാഗമ്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ബോർഡുകളും സ്ഥാപിച്ചു. ഈ ബോർഡുകളിലെ നമ്പറുകളിൽ യാത്രക്കാർ ബന്ധപ്പെടുമ്പോൾ ഓട്ടോകൾ എത്തുന്ന തരത്തിലായിരുന്നു ക്രമീകരണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് വാഹനത്തിന്റെ നമ്പറുൾപ്പെടെയുള്ള വിവരങ്ങൾ യാത്രക്കാർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ഫോട്ടോ എടുത്ത് സൂക്ഷിക്കാം. പദ്ധതിയിലുള്ള ഓട്ടോ ഡ്രൈവർമാർക്ക് ഐ.ഡി കാർഡും നൽകിയിരുന്നു. വാഹനത്തിൽ സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. കൂടാതെ, സർവിസ് നടത്തുന്ന ഓട്ടോറിക്ഷ നമ്പർ, ഡ്രൈവറുടെ പേര്, ഫോൺ നമ്പർ എന്നിവയും പൊലീസ് സഹായത്തിനായുള്ള ഹെൽപ് ലൈൻ നമ്പറും രേഖപ്പെടുത്തിയ സൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ, പദ്ധതിക്ക് ആദ്യഘട്ടത്തിൽ മികച്ച പ്രതികരണം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ സഹയാത്രികയെ ആശ്രയിക്കുന്നവരുടെ എണ്ണം പേരിനുമാത്രമാണ്. ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ അവധി ദിനങ്ങളിൽ മാത്രമാണ് ഇപ്പോൾ കുറച്ചെങ്കിലും വിളികൾ എത്തുന്നതെന്ന് സഹയാത്രികയുടെ ഭാഗമായ ഡ്രൈവർമാർ പറഞ്ഞു.
പദ്ധതിക്ക് ആവശ്യത്തിനുള്ള പ്രചാരം നൽകാത്തതാണ് പ്രതികരണം കുറയാൻ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ബോർഡുകൾ യാത്രക്കാർക്ക് കാണാവുന്ന വിധത്തിലല്ല സ്ഥാപിച്ചിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. രാത്രിയിലടക്കം ബോർഡുകൾ കാണാൻ കഴിയില്ല. ഉദ്ഘാടനത്തിനുശേഷം കൂടുതൽ ബോർഡുകൾ സ്ഥാപിക്കാനോ വലിയ പ്രചാരണം നൽകാനോ അധികൃതർ തയാറായിട്ടില്ല. ഇപ്പോൾ ആർക്കും പദ്ധതിയെക്കുറിച്ച് അറിവില്ലാത്ത സ്ഥിതിയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഡ്രൈവർമാരുടെ പേരും വണ്ടിയുടെ നമ്പറും ഫോൺ നമ്പറും എഴുതിയിരിക്കുന്ന ബോർഡുകൾ യാത്രക്കാർക്ക് കാണാവുന്ന വിധത്തിൽ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.