കോട്ടയം: സർക്കാർ പ്രൈമറി സ്കൂളുകളിലെ ഹെഡ്മാസ്റ്റർ തസ്തികയിലേക്ക് താൽക്കാലിക സ്ഥാനക്കയറ്റം നൽകിയവർക്ക് തസ്തികയനുസരിച്ച് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. സ്ഥാനക്കയറ്റം ലഭിച്ച നാൾ മുതലുള്ള ഇൻക്രിമെന്റും ഹയർ ഗ്രേഡും നൽകും. 2021 ഒക്ടോബർ മുതൽ, യോഗ്യത പരിഗണിക്കാതെ സീനിയോറിറ്റി മാത്രം നോക്കി അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നു. യോഗ്യത സംബന്ധിച്ച് കേസ് നടക്കുന്നതിനാൽ അടിയന്തരമായി പ്രധാന അധ്യാപകരുടെ ഒഴിവ് നികത്താനായിരുന്നു ഈ നടപടി. ഇത്തരത്തിൽ സ്ഥാനക്കയറ്റം ലഭിച്ചവർക്കാണ് ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുക.
ഹെഡ്മാസ്റ്റർമാരുടെ യോഗ്യത സംബന്ധിച്ച കേസിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് അന്തിമവിധി വന്നിട്ടില്ല. ഇതുകാരണം തസ്തികയനുസരിച്ച് ശമ്പളവും ഹയർ ഗ്രേഡും നൽകുന്ന കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫിസിലെ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. ചില ജില്ലകളിൽ ആനുകൂല്യം അനുവദിച്ചപ്പോൾ മറ്റ് ചില ജില്ലകളിൽ നിയമക്കുരുക്ക് ഭയന്ന് ആനുകൂല്യം കൊടുത്തില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.എസ്.ആർ.റൂൾ 31(എഫ്) പ്രകാരം ആനുകൂല്യം അനുവദിക്കാൻ വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്. അനുവദിക്കുന്ന ആനുകൂല്യങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയമായിരിക്കും. വിധി എതിരാവുകയാണെങ്കിൽ കൈപ്പറ്റുന്ന തുക തിരിച്ചടക്കാമെന്ന് ഗുണഭോക്താക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്.
നിയമനം ക്രമീകരിക്കണം
ഹെഡ്മാസ്റ്റർമാരുടെ നിയമനം ക്രമീകരിക്കാൻ നടപടി ഉടൻ തുടങ്ങണമെന്ന് കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.ജി.പി.എസ്.എച്ച്.എ) സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മയിൽ, പ്രസിഡന്റ് ബിജു തോമസ് എന്നിവർ ആവശ്യപ്പെട്ടു. താൽക്കാലിക നിയമനം ദീർഘകാലം തുടരുന്നത് ശരിയല്ലെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.