കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിെൻറ ശക്തികേന്ദ്രങ്ങളിലെല്ലാം യു.ഡി.എഫിന് കനത്ത തിരിച്ചടി. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കോട്ടയത്ത് കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി തുടങ്ങിയ നിയമസഭ മണ്ഡലങ്ങളിലുമാണ് യു.ഡി.എഫിന് കനത്ത പരാജയം നേരിടേണ്ടിവന്നത്. ജോസ് വിഭാഗത്തെ പുറത്താക്കുകയും ജയസാധ്യത പരിഗണിക്കാതെ ജോസഫ് വിഭാഗത്തിന് വാരിക്കോരി സീറ്റ് നൽകിയതും കനത്ത തിരിച്ചടിക്ക് കാരണമായെന്നാണ് ആക്ഷേപം. കോട്ടയം ജില്ല പഞ്ചായത്തിൽ ജോസഫ് വിഭാഗത്തിന് ആദ്യം ഒമ്പത് സീറ്റുകൾ നൽകി. വൈക്കം ഡിവിഷനിൽ സ്ഥാനാർഥിയില്ലാത്തതിനാൽ സീറ്റ് കോൺഗ്രസിന് തിരിച്ചുനൽകി.
മധ്യകേരളത്തിൽ പലയിടത്തും ഇത്തരത്തിൽ സമാന സംഭവങ്ങൾ അരങ്ങേറി. തൊടുപുഴ നഗരസഭയിലും കോട്ടയം ജില്ല പഞ്ചായത്തിലും ജോസഫ് വിഭാഗത്തിനുണ്ടായ കനത്ത പരാജയം ഉദാഹരണമായി ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. കോട്ടയത്ത് ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ എട്ടിടത്ത് മൽസരിച്ച ജോസഫ് വിഭാഗത്തിൽ ജയിച്ചത് രണ്ടുപേർ മാത്രം. ജോസും ജോസഫും അഞ്ചിടത്ത് നേരിട്ട് മൽസരിച്ചിട്ടും യു.ഡി.എഫ് പ്രചാരണരംഗത്ത് സജീവമായില്ല. ജോസ് വിഭാഗത്തിെൻറ പുറത്താക്കലിന് കാരണമായ കോട്ടയം ജില്ല പഞ്ചായത്ത് ഭരണം അവർ തിരിച്ചുപിടിച്ചതും തിരിച്ചടിയായി.
കോട്ടയം ഡി.സി.സിക്കും ചർച്ചകൾക്ക് നേതൃത്വം നൽകിയ എം.എൽ.എമാർക്കും കെ.പി.സി.സി ഭാരവാഹികൾക്കും എതിരെയാണ് വിമർശനേമറെയും. ജോസ് വിഭാഗം മുന്നണി വിട്ടശേഷം മധ്യകേരളത്തിലെ യാഥാർഥ രാഷ്ട്രീയസാഹചര്യം കെ.പി.സി.സിയെ ധരിപ്പിക്കുന്നതിൽ മൂന്ന് ഡി.സി.സികളും പരാജയമായി. ഇവർ നൽകിയ റിപ്പോർട്ടുകളെല്ലാം തുടക്കത്തിലെ പാളി. വിമതരെ കൈകാര്യം ചെയ്യുന്നതിലും പാളിച്ചയുണ്ടായി. പലയിടത്തും യു.ഡി.എഫിന് സ്ഥാനാർഥികൾ ഉണ്ടായില്ല. നിർത്തിയവർ നേതാക്കളുടെ അടുത്ത ബന്ധുക്കളോ ജനങ്ങളുമായി ബന്ധമുള്ളവരോ ആയിരുന്നില്ല.
ഇങ്ങനെ നീളുന്നു നേതൃത്വത്തിനെതിരെയുള്ള കടുത്ത വിമർശനങ്ങൾ. മധ്യകേരളത്തിൽ പ്രചാരണത്തിന് നേതൃത്വം നൽകിയ ഉമ്മൻ ചാണ്ടിയടക്കമുള്ളവരെയും വിമർശകർ പ്രതിക്കൂട്ടിലാക്കുന്നു.
യു.ഡി.എഫിലെ ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്. ജയസാധ്യതയുള്ള സീറ്റുകളിൽപോലും അർഹർ തഴയപ്പെട്ടു. മുസ്ലിം ലീഗിന് സീറ്റ് നിഷേധിച്ചതും ചിലയിടങ്ങളിൽ പരാജയ കാരണമായി. മിക്കയിടത്തും കോൺഗ്രസ് പ്രവർത്തകർ കാലുവാരിയെന്നായിരുന്നു പി.ജെ. ജോസഫിെൻറ ആരോപണം. കോട്ടയം-ഇടുക്കി-പത്തനംതിട്ട ജില്ല പഞ്ചായത്തുകൾ ചരിത്രത്തിലാദ്യമായി ഒന്നിച്ച് ഇടതുമുന്നണിക്ക് ലഭിച്ചതും കോട്ടയത്തും പത്തനംതിട്ടയിലും േബ്ലാക്ക്-ഗ്രാമപഞ്ചായത്തുകളും നഗരസഭകളും അവർ പിടിച്ചെടുത്തതും നേതൃത്വത്തിനെതിരെ രംഗത്തുവരാൻ വിമർശകർക്ക് വഴിയൊരുക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് പക്ഷം മധ്യകേരളത്തിലെ രാഷ്ട്രീയഗതി മാറ്റിമറിച്ച സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കുമെന്ന ആശങ്കയും യു.ഡി.എഫിനുണ്ട്.
അതേസമയം, കേരള കോൺഗ്രസിനെ കൂടെക്കൂട്ടിയതിനെതിരെ ഉയർന്ന വിമർശനങ്ങളെ തദ്ദേശതെരഞ്ഞെടുപ്പിലെ വിജയത്തോടെ മറികടക്കാൻ ഇടതുമുന്നണിക്കും കഴിഞ്ഞു. പലയിടത്തും ജോസ് പക്ഷത്തിന് ലഭിച്ചത് ആധികാരിക വിജയമാണെന്ന് വിലയിരുത്തുന്ന യു.ഡി.എഫ് നേതാക്കളും നിരവധിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.