കോട്ടയം: കോട്ടയം മെഡിക്കൽ കോളജിനുള്ളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിനായി മെഡിക്കൽ കോളജ് കാമ്പസിനുള്ളിൽ തന്നെ ഷെൽട്ടർ നിർമിക്കാൻ മന്ത്രി വി.എൻ. വാസവന്റെ സാന്നിധ്യത്തിൽ ജനറൽ ആശുപത്രിയിൽ ചേർന്ന യോഗത്തിൽ ധാരണ. ആശുപത്രി വളപ്പിലെ തെരുവ് നായ്ക്കളെ പിടികൂടി പാർപ്പിക്കാൻ കൂട് സ്ഥാപിക്കമെന്ന ജില്ല ഭരണകൂടത്തിന്റെ നിർദേശം പാലിക്കാത്തതിൽ മെഡിക്കൽ കോളജ് അധികൃതർക്കെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഷെൽട്ടർ നിർമാണത്തിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് ഈയാഴ്ച തന്നെ പരിശോധന നടത്തി നിർമാണപ്രവർത്തികൾ ആരംഭിക്കും.
മെഡിക്കൽ കോളജിനുള്ളിലെ തെരുവുനായ്ക്കളെ അതുവരെ താൽക്കാലിക സംവിധാനത്തിലേക്ക് മാറ്റും. നായ്ക്കളുടെ പരിപാലനം ജില്ലപഞ്ചായത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ചുമതലയായിരിക്കും. മെഡിക്കൽ വിദ്യാർഥികൾ അടക്കമുള്ളവരെ മെഡിക്കൽ കോളജ് കാമ്പസിനുള്ളിൽ നായ്ക്കൾ കടിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ല കലക്ടർ വി. വിഗ്നേശ്വരി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വർഗീസ് പി. പുന്നൂസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.