കോട്ടയം: ഇടവേളക്കുശേഷം ജില്ലയിൽ തെരുവ് നായ് ആക്രമണം വർധിക്കുന്നു. ഈമാസം ഇതുവരെ 1784 പേർക്കാണ് കടിയേറ്റത്. പായിപ്പാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന എ.സി. റോഡിലെ അറുനൂറിൽപ്പുതുവൽ, കോമങ്കരിച്ചിറ, തുരുത്തേൽപ്പടി ഭാഗത്തുണ്ടായ തെരുവ് നായ് ആക്രമണത്തിൽ മൂന്നു പേർക്ക് കടിയേറ്റതാണ് ഒടുവിലത്തെ സംഭവം. ഇടവഴികളിലൂടെയും വീടുകളുടെ പരിസരങ്ങളിലൂടെയും പാഞ്ഞുനടന്ന പേ ബാധ സംശയിക്കുന്ന തെരുവ്നായ് വളർത്തുനായ്ക്കളെയും പൂച്ചകളെയും ആക്രമിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 20 ഓളംപേർക്കാണ് കടിയേറ്റത്. കഴിഞ്ഞമാസം 1828 പേരെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. ആഗസ്റ്റിൽ 1955 പേരെയും തെരുവ്നായ്ക്കൾ കടിച്ചിരുന്നു.
പുലർച്ച പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർ, പ്രഭാത സവാരിക്കാർ, പത്രവിതരണക്കാർ എന്നിവർക്കുനേരെ നായ്ക്കൾ പാഞ്ഞടുക്കുകയാണ്. ഇരുചക്ര വാഹനങ്ങൾക്കുനേരെ നായ്ക്കൾ കൂട്ടത്തോടെ കുരച്ച് ചാടുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. അയ്മനം തിരുവാറ്റക്ക് സമീപം തെരുവുനായ് കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞ് കുടയംപടി സ്വദേശിക്ക് പരിക്കേറ്റിരുന്നു.
കഞ്ഞിക്കുഴി പാലത്തിന് സമീപം ദിവാൻ കവലയിലും സമാന അപകടമുണ്ടായി. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ജില്ല ഭരണകൂടം വിപുലമായ പദ്ധതികൾ തയാറാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ജില്ലയിൽ കൂടുതൽ എ.ബി.സി. സെന്ററുകൾ തുറക്കുമെന്ന പ്രഖ്യാപനവും പാഴായി.
കോട്ടയം നഗരത്തിലെ കോടിമതയിലാണ് നിലവിൽ എ.ബി.സി സെന്റർ. മൂന്നുമാസം മുമ്പ് വരെ പ്രവർത്തനം നിലച്ച അവസ്ഥയിലായിരുന്നു ഇത്. ഒരു ദിവസം 10 നായ്ക്കളെ വന്ധ്യംകരിക്കാനുള്ള സംവിധാനം കോടിമതയിലുണ്ട്. നായ്ക്കളെ പിടികൂടുന്നതടക്കമുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങളാണ് വഹിക്കേണ്ടത്. നായ് ഒന്നിന് 500 രൂപ വീതമാണ് നൽകുന്നത്. എന്നാൽ, വന്ധ്യംകരണത്തിന് തദ്ദേശസ്ഥാപനങ്ങൾ ശുഷ്കാന്തി കാട്ടുന്നില്ലെന്നും ആക്ഷേപവുമുണ്ട്. വാക്സിനേഷൻ നടപടികളും ഇഴഞ്ഞുനീങ്ങുകയാണ്.
പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവുനായ്ക്കൾ പെരുകാൻ പ്രധാന കാരണം. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്. ഇത്തരം സ്ഥലങ്ങളിൽ നായ്ക്കൾ തമ്പടിക്കുന്നത് പതിവാണ്.
കടിയേറ്റവരുടെ എണ്ണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.