കോട്ടയം: കുടയംപടിയിലെ വ്യാപാരി ബിനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പൊലീസിൽനിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് മകൾ നന്ദന. ബാങ്ക് മാനേജറെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമം. സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് പുനരന്വേഷണം ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും നന്ദനയും മാതാവ് ഷൈനിയും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആത്മഹത്യയിൽ ബാങ്ക് മാനേജർക്ക് പങ്കില്ലെന്ന് വെസ്റ്റ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് കുടുംബം രംഗത്തുവന്നത്.
കുടയംപടിയിലെ സ്റ്റെപ്സ് ഫുട്ട്വെയർ ഉടമ കെ.സി. ബിനു സെപ്റ്റംബർ 25നാണ് പാണ്ഡവത്തെ വീട്ടിൽ തൂങ്ങിമരിച്ചത്. കർണാടക ബാങ്കിൽനിന്ന് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ മാനേജർ നിരന്തരം ഭീഷണിപ്പെടുത്തിയതായും അതിൽ മനംനൊന്താണ് ബിനു ആത്മഹത്യ ചെയ്തതെന്നും വീട്ടുകാർ അന്നുതന്നെ ആരോപണമുന്നയിച്ചിരുന്നു. മൃതദേഹവുമായി നാഗമ്പടത്തെ ബാങ്കിനു മുന്നിൽ ബിനുവിന്റെ പെൺമക്കളും നാട്ടുകാരും വ്യാപാരികളും പ്രതിഷേധവും സംഘടിപ്പിച്ചു. സ്ഥലത്തെത്തിയ ജില്ല പൊലീസ് മേധാവി അന്വേഷണം ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ബിനു ആത്മഹത്യചെയ്ത സംഭവത്തിൽ ബാങ്ക് മാനേജർ പ്രദീപിനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായാണ് നന്ദന പറയുന്നത്. തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ മാനേജർ പ്രദീപിന്റെ നിരന്തരമുള്ള ഭീഷണിയിൽ മനംനൊന്താണ് പിതാവ് ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തിൽ വോയ്സ് റെക്കോഡ് അടക്കം തെളിവുകൾ പൊലീസിനു കൊടുത്തിട്ടുള്ളതാണ്. എന്നാൽ, പിതാവിന്റെ ആത്മഹത്യ അദ്ദേഹത്തിന്റെ സ്വഭാവരീതികൾ മൂലമാണെന്നും 12 വർഷം മുമ്പ് മുത്തച്ഛൻ ആത്മഹത്യ ചെയ്തിട്ടുള്ളതിനാൽ ആത്മഹത്യപ്രവണതയുള്ള ആളാണെന്നും വരുത്തിത്തീർത്ത് ബാങ്ക് മാനേജറെ സംരക്ഷിക്കാനുതകുന്ന രീതിയിലാണ് പൊലീസ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്.
ബാങ്കിൽനിന്ന് എടുത്ത വായ്പ അടച്ചുതീർത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ബാങ്കിൽ അന്വേഷിച്ചപ്പോൾ 4,11,000 രൂപ അടക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത്. അന്വേഷണം സുതാര്യമായല്ല നടന്നത്. ബാങ്ക് മാനേജറെ സംരക്ഷിക്കാൻ കേസ് വഴിതിരിച്ചുവിടുന്നതായി സംശയമുണ്ട്.
പിതാവിന്റെ മരണത്തെ തുടർന്ന് പൊതുസമൂഹത്തിന്റെ സഹായത്താലാണ് തങ്ങൾ കഴിയുന്നത്. പിതാവിനെതിരെ വസ്തുതാവിരുദ്ധമായ ആരോപണം ഉയർത്തുന്നത് അതീവ ദുഃഖകരമാണ് നന്ദന പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബിനുവിന്റെ സഹോദരൻ ബിജു, വ്യാപാരി-വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം കോട്ടയം ബിജു എന്നിവരും പങ്കെടുത്തു.
ചെരിപ്പുകടയിൽനിന്ന് രണ്ട് കത്ത് കിട്ടി. അതിലൊന്ന് കഴിഞ്ഞ വർഷം മേയ് 19ന് എഴുതിയതാണ്. മരിച്ച പിതാവിന്റെ അടുത്തേക്ക് പോകുന്നുവെന്നും ബിനുവിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചുള്ള വിവരങ്ങളുമാണ് കത്തിലുണ്ടായിരുന്നത്
കടയിലെ ചെറിയ ഡയറികൾ പരിശോധിച്ചതിൽനിന്ന് ബിനു നിരവധി ആളുകളിൽനിന്ന് കടം വാങ്ങിയിരുന്നതായും ദിനംപ്രതിയും ആഴ്ചകളായും മാസങ്ങളായും 300 മുതൽ 2000 രൂപവരെ തുകകൾ തിരിച്ചടച്ചിരുന്നതായും കാണുന്നു
ബിനു പ്രതിദിനം 1000 രൂപയുടെ ലോട്ടറി എടുക്കാറുണ്ടായിരുന്നു. നിരവധി പേരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. വീട്ടുകാരറിയാതെ പലരിൽനിന്നും സ്വർണാഭരണങ്ങൾ വാങ്ങി പണയം വെച്ചിരുന്നു വായ്പ കുടിശ്ശികയായതിനെ തുടർന്ന് സെപ്റ്റംബർ ഏഴിന് ബാങ്ക് മാനേജർ അടക്കം കടയിൽ വരുകയും എട്ട്, 12 തീയതികളിലായി കുടിശ്ശിക പൂർണമായി അടച്ചുതീർക്കുകയും ചെയ്തു സാമ്പത്തിക ബാധ്യതകൾ തീർക്കാനാവില്ലെന്നു കണ്ട് ആത്മഹത്യ ചെയ്യുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.