കോട്ടയം: മുൻവർഷങ്ങളിലെപ്പോലെ ഈ വർഷവും മഴയുടെ ആരംഭത്തിൽ ക്യാമ്പിലേക്ക് എത്തേണ്ട അവസ്ഥയിലായി അമയന്നൂർ മഹാത്മാഗാന്ധി കോളനി നിവാസികൾ.
പെയ്ത്തുവെള്ളത്താൽ വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശമാണ് കോളനി. പുനരധിവസിപ്പിച്ച കാലം മുതൽക്കേ മഴയുടെ തുടക്കത്തിൽ ഇവർക്ക് ക്യാമ്പുകളിലേക്ക് മാറുന്നത് ഈ വർഷവും ആവർത്തിക്കേണ്ട സാഹചര്യമാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിയെങ്കിലും ഈ മേഖലയിൽ വെള്ളക്കെട്ട് ഒഴിയാൻ കാലതാമസം നേരിടുകയാണ്. ശനിയാഴ്ച പുലർച്ച മഴപെയ്തതോടെ ഇവർക്ക് ക്യാമ്പിൽതന്നെ തുടരേണ്ട അവസ്ഥയാണ്. പറമ്പുകളിലും വീട്ടുമുറ്റത്തും വെള്ളത്തിന്റെ അളവ് ഒരുപോലെ തുടരുകയാണ്.
കോളനിയിലെ 68 പേരെയാണ് അയർക്കുന്നം ഗവ. എൽ.പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിയത്. കൂടാതെ പുന്നത്തുറയിൽനിന്ന് 34പേരും ക്യാമ്പുകളിലാണ്. അഞ്ച് ക്യാമ്പുകളാണ് അയർക്കുന്നം പഞ്ചായത്തിലുള്ളത്. ക്യാമ്പിൽ കഴിയുന്നവരിൽ പകർച്ചവ്യാധി ഭീഷണി നേരിടുന്നവരുമുണ്ട്.
അയർക്കുന്നത്തിനുപുറമേ നീർക്കാട്, പുന്നത്തുറ, തിരുവഞ്ചൂർ എന്നിവിടങ്ങളിൽ വാഴ, കപ്പ, ഇഞ്ചി, ചേന, ചേമ്പ്, പയർ, പാവൽ, പടവലം തുടങ്ങിയ വിളകൾക്ക് വലിയതോതിൽ കൃഷിനാശം ഉണ്ടായി. അമയന്നൂർ മഹാത്മാഗാന്ധി കോളനിയിലെ വീടുകൾക്കും ആറുമാനൂർ, പുന്നത്തുറ മേഖലകളിലെ വിവിധ കൃഷികൾക്കുമാണ് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. അയർക്കുന്നം പഞ്ചായത്തിൽ 120 ഹെക്ടറോളം നെൽകൃഷിയാണ് വെള്ളംകയറി നശിച്ചത്. നാശനഷ്ടങ്ങൾ എത്രയെന്ന് കൃത്യമായി ഇതുവരെ കണക്കാക്കാൻ സാധിച്ചിട്ടില്ല. വെള്ളത്തിന്റെ തോത് കുറയുന്നതിനുസരിച്ചേ വിലയിരുത്താൻ സാധിക്കൂ.
അയർക്കുന്നം ഗവ. എൽ.പി സ്കൂളിലെ ക്യാമ്പിൽ കഴിയുന്നവരെ കലക്ടർ വി. വിഗ്നേശ്വരി സന്ദർശിച്ചു. കോളനി നിവാസികളുടെ ബുദ്ധിമുട്ട് കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് കുടുംബങ്ങളുടെ പുനരധിവാസത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
കുടുംബങ്ങളെ പുനരധിവസിപ്പിച്ചില്ലെങ്കിൽ തുടർന്നും പ്രളയം സംഭവിക്കുന്ന സാഹചര്യങ്ങളിൽ മാറ്റിപ്പാർപ്പിക്കേണ്ടിവരും. ഇതിനായി അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് പഞ്ചായത്ത്. തിങ്കളാഴ്ച സ്കൂൾ തുറക്കേണ്ടതിനാൽ ഇവർക്കായി സമീപത്തെ ഓഡിറ്റോറിയത്തിലോ മറ്റോ സംവിധാനങ്ങൾ കണ്ടെത്താനുള്ള തയാറെടുപ്പിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.