തലയോലപ്പറമ്പ്: ബൈക്കിലെത്തിയ രണ്ടുപേർ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ചു. സംഭവം ചോദ്യം ചെയ്ത സമീപവാസിയെ കുത്തിപ്പരിക്കേൽപിച്ച ശേഷം പ്രതികൾ കടന്നുകളഞ്ഞു. ഞായറാഴ്ച രാത്രി 11ഓടെ തലയോലപ്പറമ്പിന് സമീപത്തെ പെട്രോൾ പമ്പിലായിരുന്നു സംഭവം. തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിന് സമീപം പ്രവർത്തിക്കുന്ന കല്ലോലിക്കൽ ഫ്യുവൽസ് പെട്രോൾ പമ്പിലായിരുന്നു സംഭവം. ബൈക്കിലെത്തിയ സമീപത്തെ താമസക്കാരായ യുവാക്കൾ പെട്രോൾ നിറച്ച ശേഷം പണം ഗൂഗിൾ പേ ചെയ്യുന്നതിനിടയിൽ പണം അടച്ച ശബ്ദം കേൾക്കുന്നില്ലെന്ന് പറഞ്ഞു തുടങ്ങിയ സംഭവം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. തർക്കത്തിനിടയിൽ യുവാക്കളിലൊരാൾ പമ്പ് ജീവനക്കാരനായ അപ്പച്ചനെ (61) ക്രൂരമായി മുഖത്തിടിക്കുന്നത് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.
തുടർന്ന് ഇദ്ദേഹത്തെ തള്ളിയിട്ടശേഷം രണ്ട് യുവാക്കൾ ചേർന്ന് ക്രൂരമായി മർദിച്ചു. തർക്കം കേട്ടെത്തിയ മറ്റൊരു യുവാവിനെയും മർദിച്ച യുവാക്കൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു. തുടർന്ന് പ്രതികൾ തലയോലപ്പറമ്പ് മിനിസിവിൽ സ്റ്റേഷനു സമീപം ഉമ്മാക്കുന്ന വള്ളിക്കുന്ന് കാലായിൽ ഷായുമായി (40) തർക്കത്തിലേർപ്പെടുകയും ഇയാളെ കുത്തിപ്പരിക്കേൽപിക്കുകയുമായിരുന്നു. അവിടെ നിന്നും ഇരുവരും കടന്നുകളയുകയായിരുന്നു. ഷാജിയെ പൊതിയിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു. ആക്രമണശേഷം കടന്നുകളഞ്ഞ ബൈക്ക് യാത്രികരെപ്പറ്റി വിവരം ലഭിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും തലയോലപ്പറമ്പ് പൊലീസ് വ്യക്തമാക്കി. മുതുകിനും നെഞ്ചിന് മുകളിലും 11ഓളം കുത്തേറ്റ് പരിക്കേറ്റ ഷാജി പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് വടകര സ്വദേശികളായ അജയ് സജി (24), ആഷിക് കെ. ബാബു (24) എന്നിവർക്കെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. ഇതിൽ അജയ് സജി നാലോളം കേസുകളിൽ പ്രതിയാണെന്നും ആഷിക്കിന്റെ പേരിലും കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.