കോട്ടയം: മൂന്നുവർഷത്തിനിടെ നാല് ജീവൻ, ആഴ്ചയിൽ ചുരുങ്ങിയത് രണ്ടിലധികം ഗുരുതര അപകടങ്ങൾ, ദിവസേന ജീവൻ പണയംവെച്ച് സഞ്ചരിക്കുന്ന വിദ്യാർഥികളടക്കമുള്ള യാത്രികർ... ഇവർക്കെല്ലാം പേടിസ്വപ്നമാണ് എം.സി റോഡിലെ പള്ളം പോസ്റ്റ് ഓഫിസ് ജങ്ഷൻ. കൊടുംവളവിൽ കാട് മറക്കുംവിധമാണ് വർഷങ്ങൾ പഴക്കമുള്ള പോസ്റ്റ് ഓഫിസ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഒരേസമയം വളവും ജങ്ഷനുമായതിനാൽ ഇവിടെ അപകടസാധ്യതയേറെയാണ്. പള്ളത്ത് കൊട്ടാരം അവകാശികൾ പോസ്റ്റ് ഓഫിസിനായി വിട്ടുനൽകിയ സ്ഥലമാണിത്. 75 വർഷത്തെ പഴക്കമുണ്ട് ഈ കെട്ടിടത്തിന്. കാട് തിങ്ങിവളർന്ന് ചുറ്റുമതിലിന് അപ്പുറത്ത് നിന്നും റോഡ് കാഴ്ച മറച്ച നിലയിലാണ്. വിവിധ അപകടങ്ങളിൽ ചുറ്റുമതിൽ തകർന്നും കാലപ്പഴക്കം കൊണ്ടും ശോചനീയ അവസ്ഥയിലാണ് പോസ്റ്റ് ഓഫിസ് കെട്ടിടവും പരിസരവും.
പോസ്റ്റ് ഓഫിസ്, പഴയ കെട്ടിടത്തിൽ നിന്നും എതിർവശത്തെ വാടകക്കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. കെ.എസ്.ടി.പിയുടെ എം.സി റോഡ് വികസനം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു. കേന്ദ്ര സർക്കാർ സ്ഥാപനമായ പള്ളം പോസ്റ്റ് ഓഫിസ് പ്രവർത്തിച്ച സ്ഥലം നാളിതുവരെ റോഡ് വികസനത്തിന് വിട്ട് നൽകാത്തത് കൊണ്ട് ഈഭാഗം മാത്രം പണി നടത്തിയിട്ടില്ല.
ഈഭാഗം വളവ് കൂടി ആയതിനാൽ ഇടവഴിയിൽ നിന്ന് എം.സി റോഡിലേക്ക് വാഹനങ്ങൾ കയറുന്നത് ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കാണാൻ സാധിക്കില്ല. പഴയ കെട്ടിടം നിന്ന ഭാഗംമാത്രം വഴിയിലേക്ക് ഇറങ്ങി ഇപ്പോഴും നിൽക്കുന്നത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയാണ്.
റോഡ് വികസനത്തിന് ഭൂമി വിട്ടുനൽകാത്തതിനാലാണ് ഇവിടെ മാത്രം വീതികൂട്ടുന്നതിനുള്ള നടപടികൾ നടക്കാതെ പോയത്. കെട്ടിടം നിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥതയെചൊല്ലി തർക്കം നിലനിൽക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുമാറ്റി റോഡ് വികസനം എളുപ്പത്തിൽ സാധ്യമാക്കണമെന്നും ഇവിടെ മതിയായ നവീകരണം നടത്തി അപകടസാധ്യത കുറക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.