കോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയ തദ്ദേശവകുപ്പ് ജോയന്റ് സെക്രട്ടറിക്ക് മറുപടി നൽകി കോട്ടയം നഗരസഭ സെക്രട്ടറി. താൻ അവധിയിലുള്ള സമയത്ത് എക്സി. എൻജിനീയർക്ക് ചുമതല കൈമാറിയിരുന്നുവെന്നും അവരാണ് ഹാജരാകേണ്ടിയിരുന്നതെന്നുമാണ് സെക്രട്ടറിയുടെ വിശദീകരണം. അവധിയെടുത്ത തീയതികളും കാരണവും എക്സിക്യൂട്ടിവ് എൻജിനീയർക്ക് ചുമതല നൽകിയുള്ള കത്തുകളും സഹിതമാണ് സെക്രട്ടറിയുടെ മറുപടി.
തിരുനക്കര ബസ്സ്റ്റാൻഡ് വിഷയത്തിൽ അയക്കുന്ന നോട്ടീസ് സെക്രട്ടറി അവഗണിക്കുന്നുവെന്നും ഉത്തരവുകൾ പാലിക്കുന്നില്ലെന്നും കാട്ടി ജില്ല ലീഗൽ സർവിസസ് അതോറിറ്റി (ഡി.എൽ.എസ്.എ) സെക്രട്ടറിയും സബ്ജഡ്ജുമായ രാജശ്രീ രാജഗോപാൽ നൽകിയ പരാതിയിലാണ് തദ്ദേശവകുപ്പ് ജോയന്റ് സെക്രട്ടറി മുനിസിപ്പൽ സെക്രട്ടറി ബി. അനിൽകുമാറിനോട് വിശദീകരണം തേടിയത്. സെക്രട്ടറിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും ഡി.എൽ.എസ്.എ ആവശ്യപ്പെട്ടിരുന്നു.
തിരുനക്കര ബസ്സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലത്ത് താൽക്കാലിക ബസ് ബേ ഒരുക്കണമെന്ന ഹരജി സംബന്ധിച്ച സിറ്റിങ്ങിൽ തുടർച്ചയായി പങ്കെടുക്കുന്നില്ലെന്നാണ് ഡി.എൽ.എസ്.എയുടെ പരാതി. സെക്രട്ടറി ജില്ല വിട്ടുപോകുമ്പോൾ ആ സമയം മുതൽ ചുമതല രേഖാമൂലം അടുത്തയാൾക്ക് കൈമാറണം. അതുപ്രകാരം ഫെബ്രുവരി 24ന് വൈകീട്ട് അഞ്ചുമുതൽ 27ന് രാവിലെ 10.15വരെ എക്സിക്യൂട്ടിവ് എൻജിനീയർക്കായിരുന്നു ചുമതല. ഫെബ്രുവരി 26ന് ട്രൈബ്യൂണലിൽ ഹാജരാകാനാണ് അവധി എടുത്തത്.
മാർച്ച് ആറിന് വൈകീട്ട് അഞ്ചുമുതൽ 11ന് രാവിലെ 10.15വരെ വ്യക്തിപരമായ ആവശ്യത്തിന് അവധിയിലായിരുന്നു. ചുമതല രേഖാമൂലം എക്സിക്യൂട്ടിവ് എൻജിനീയർക്ക് കൈമാറിയിരുന്നു. 28 മുതൽ ഏപ്രിൽ 16വരെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്റ്റാറ്റിക് സർവയ്ലൻസ് ടീമിന്റെ നേതൃത്വം വഹിക്കേണ്ടിവന്നു. എക്സിക്യൂട്ടിവ് എൻജിനീയർക്ക് ചുമതല കൈമാറിയിരുന്നതായും വിശദീകരണ കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.