കോട്ടയം: സംസ്ഥാന സർക്കാർ രണ്ടുവർഷം പൂർത്തീകരിക്കുമ്പോൾ കാർഷികമേഖലയിൽ നടപ്പാക്കിയത് 14.65 കോടി രൂപയുടെ പ്രവർത്തനങ്ങൾ. കൃഷി വകുപ്പിെന്റ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിലൂടെ 1510.58 ഹെക്ടർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു. 1208 കൃഷിക്കൂട്ടങ്ങൾ രൂപവത്കരിക്കാനായെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ ഗീതാ വർഗീസ് പറഞ്ഞു.
നാളികേര കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് തെങ്ങിന്റെ ഉൽപാദനവും ക്ഷമതയും വർധിപ്പിക്കാനായി ‘കേരഗ്രാമം’ പദ്ധതിയിലൂടെ 1.13 കോടി ചെലവഴിച്ചു. തെങ്ങുകളുടെ ആരോഗ്യ സംരക്ഷണത്തിനായി നാളികേര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ‘കേര രക്ഷാവാരം’ നടപ്പാക്കി. ഇതിന്റെ ഭാഗമായി തെങ്ങിൻ തോപ്പുകളിൽ പച്ചിലവള ലഭ്യതക്കായി മൂന്ന് ലക്ഷം ശീമക്കൊന്ന കമ്പുകൾ കേരകർഷകർക്ക് വിതരണം ചെയ്തു. ഇതിനായി 26.58 ലക്ഷം ചെലവഴിച്ചു.
ഓണവിപണിയിൽ വിലനിയന്ത്രണത്തിനും കർഷകർക്ക് മികച്ച വില ലഭിക്കാനുമായി 55.9 ലക്ഷം ചെലവാക്കി ജില്ലയിൽ 86 ഓണച്ചന്തകൾ നടത്തി. കൃഷിഭവനുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി 37.5 ലക്ഷം രൂപ അനുവദിച്ചതിൽ 27.28 ലക്ഷം ചെലവഴിച്ചു. നീണ്ടൂർ, തൃക്കൊടിത്താനം കൃഷിഭവനുകളെയാണ് ആദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
വിറ്റഴിക്കാൻ സാധിക്കാത്ത കാർഷികോൽപന്നങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് ഹബ്. ഇതിനായി മണർകാട് പഞ്ചായത്തിനെ തെരഞ്ഞെടുക്കുകയും 2.21 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. കൂടാതെ അഗ്രോ പ്രോസസിങ്, എഫ്.പി.ഒ, കുടുംബശ്രീ, പാക്സ് എന്നിവക്കായി അഗ്രോ പ്രോസസിങ് യൂനിറ്റുകൾ തുടങ്ങാൻ 19.65 ലക്ഷം അനുവദിച്ചു. ഇതിൽ 9.65 ലക്ഷം രൂപ ചെലവഴിച്ചു.
ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ആധുനിക സംവിധാനങ്ങളോട് കൂടിയ പ്രീമിയം ഔട്ട്ലെറ്റുകൾ ആരംഭിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ച് ഏറ്റുമാനൂർ, കോട്ടയം ഉഴവൂർ, പാല ബ്ലോക്കുകളിൽ ഔട്ട് ലെറ്റുകൾ തുടങ്ങി. കൃഷിയോഗ്യമായ നെൽപാടങ്ങൾ ഉള്ളവർക്ക് ഒരുവർഷം ഹെക്ടർ ഒന്നിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകി. 2022- 2023 കാലയളവിൽ ഹെക്ടറിന് 3000 രൂപയായി റോയൽറ്റി ഉയർത്തി. ഇതിലൂടെ 300 ഹെക്ടർ നെൽവയലുകൾക്കാണ് പ്രയോജനം ലഭിച്ചത്.
ഫാം പ്ലാൻ ബേസ്ഡ് പ്രൊഡക്ഷൻ പദ്ധതിക്കായി 54.57 ലക്ഷം രൂപ അനുവദിച്ചു. ഇതിനായി ജില്ല ബ്ലോക്ക് തലത്തിൽ പരിശീലനപരിപാടികൾ നടത്തി. ഗ്രോബാഗിലെ കൃഷിക്ക് പകരം മൺചട്ടി, എച്ച്.ഡി.പി.ഇ കണ്ടെയ്നറുകളിലുള്ള പച്ചക്കറികൃഷിക്ക് 3000 യൂനിറ്റുകൾ അനുവദിച്ചു. ആമസോൺ വഴി ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിന് കോഴയിൽ ഓൺലൈൻ ബ്രാൻഡിങ് നടപ്പാക്കി. വിള ഇൻഷുറൻസ് പദ്ധതി പ്രകാരം വിളനാശം സംഭവിച്ച കർഷകർക്ക് 7.87കോടി രൂപ നഷ്ടപരിഹാരമായി നൽകി. പ്രകൃതിക്ഷോഭം മൂലം ഉണ്ടാവുന്ന നഷ്ടങ്ങൾക്ക് 2021-22 വർഷം സംസ്ഥാന വിഹിതമായി 3.69 കോടി രൂപ 5887 കർഷകർക്കായി നൽകി. കേന്ദ്രവിഹിതമായി 2.17 കോടിരൂപ 7014 കർഷകർക്കായി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.