വൈക്കം: ടി.വി പുരം എസ്.ബി.ഐ-ചെറുപറമ്പ് ക്ഷേത്ര റോഡ് തകർന്ന് യാത്ര ദുരിതപൂർണമായി. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റിനു വിരുദ്ധമായി പൂഴിയും വലിയ മെറ്റലും നിക്ഷേപിച്ചതിനെ തുടർന്നാണ് റോഡ് ചളിക്കുളമായതെന്നാണ് നാട്ടുകാർ പറയുന്നത്.
അര കിലോമീറ്റർ വരുന്ന റോഡിൽ ചളി നിറഞ്ഞതോടെ കാൽനടപോലും ദുഷ്കരമായി.ഗതാഗതവും തടസ്സപ്പെട്ടു. ഒരു മാസമായി പ്രദേശവാസികൾ യാത്രാ ദുരിതം നേരിട്ടിട്ടും പരിഹാരം ഇല്ലെന്ന് നാട്ടുകാർ പറയുന്നു. സി.കെ. ആശ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 226 മീറ്റർ റോഡ് പുനർനിർമിക്കാൻ 15 ലക്ഷം രൂപയാണ് അനുവദിച്ചത്. ക്വാറി മെറ്റലിട്ട് ഉയർത്തി മെറ്റൽ വിരിച്ചു ടാർ ചെയ്യേണ്ട റോഡിന്റെ പല ഭാഗത്തും പൂഴിയിട്ട് മീതെ വലിയ മെറ്റൽ ഇട്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. മഴ കനത്തതോടെ പൂഴി റോഡിൽ ഒഴുകി പരന്നു. പ്രദേശത്തെ വയോധികരായവർ വീണു പരിക്കേൽക്കുമെന്ന ഭീതിയിലാണ്. സൈക്കിളിൽ സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ വീണ് പരിക്കേൽക്കുന്നത് പതിവാണ്. പ്രദേശവാസികൾ മറ്റു വീടുകളുടെ മുറ്റത്തുകൂടി കടന്നും മറ്റു വഴികളിലൂടെ ഓട്ടോയിൽ ഇരട്ടി തുക ചെലവാക്കിയുമാണ് പ്രധാന നിരത്തിലെത്തുന്നത്. പണി നടന്നപ്പോൾ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കാതിരുന്നതാണ് റോഡ് കുളമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. എസ്റ്റിമേറ്റിനു വിരുദ്ധമായി റോഡിൽ നിക്ഷേപിച്ച പൂഴി പൂർണമായി നീക്കി റോഡ് കുറ്റമറ്റതാക്കി ഗതാഗതം പുനഃസ്ഥാപിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ വൈക്കം ബ്ലോക്ക് പഞ്ചായത്ത് എക്സി. എൻജിനീയർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.