വൈ​ക്ക​ത്ത്​ പേ​പി​ടി​ച്ച നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ത​ങ്ക​മ​ണി, പു​രു​ഷ​ൻ, ച​ന്ദ്ര​ൻ, ഷി​ബു എ​ന്നി​വ​ർ

പേ​പി​ടി​ച്ച നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വൈ​ക്ക​ത്ത്​ അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​ക്ക്

വൈക്കം: വിറളിപൂണ്ട് ഓടിയ നായുടെ കടിയേറ്റ് വൈക്കത്ത് അഞ്ചുപേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 7.30ന് തോട്ടുവക്കം കായിപ്പുറം ഭാഗത്താണ് പരിഭ്രാന്തി സൃഷ്ടിച്ച നായ് വീടുകള്‍ കയറിയും വഴിയില്‍നിന്നവരെയും ഓടിച്ചിട്ട് കടിച്ചത്. രണ്ടുപേര്‍ക്ക് ദേഹമാസകലം കടിയേറ്റു.

കായിപ്പുറത്ത് പുരുഷന്‍ (72), സഹോദരന്‍ ചന്ദ്രന്‍ (70), മനയത്തുചിറ തങ്കമണി (68), കായിപ്പുറത്ത് ഷിബു (36), ടി.വി പുരം സ്വദേശി അജിമോന്‍ (50) എന്നിവര്‍ക്കാണ് കടിയേറ്റത്ത്. അജിമോനെ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. മറ്റുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുരുഷന്‍റെ നെഞ്ചത്തും രണ്ട് കൈകള്‍ക്കും ഗുരുതര കടിയേറ്റിട്ടുണ്ട്.

ടി.വി പുരം ഭാഗത്തുനിന്ന് ഓടിവന്ന നായ് കായിപ്പുറത്ത് തെരുവുനായ്ക്കളെ കടിച്ചശേഷം വീടുകളിലേക്ക് ഓടിക്കയറി പുരുഷനെയും, ചന്ദ്രനെയും കടിച്ചു. തുടര്‍ന്ന് റോഡില്‍ നില്‍ക്കുകയായിരുന്ന തങ്കമണിയെയും ഷിബുവിനെയും ഓടിച്ചിട്ട് കടിച്ചു. പട്ടിയുടെ അസാധാരണമായ പരക്കംപാച്ചില്‍ കണ്ട് സ്ത്രീകളും കുട്ടികളും വീടുകളില്‍ കയറി വാതിലടച്ചു. ആക്രമണകാരിയായ നായെ നാട്ടുകാര്‍ പിടിച്ച് കെട്ടിയിട്ടു. അൽപസമയം കഴിഞ്ഞപ്പോള്‍ നായ ചത്തു.

വൈക്കം മൃഗാശുപത്രില്‍നിന്ന് സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ബിജു വര്‍ഗീസ് സംഭവസ്ഥലത്തെത്തി നായെ പരിശോധിച്ചു. നായ്ക്ക് പേവിഷബാധയുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. കൂടുതല്‍ പരിശോധനക്കായി നായുടെ ജഡം തിരുവല്ലയിലെ പക്ഷിരോഗ നിര്‍ണയ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി.

വൈക്കത്ത് ഏതാനും മാസങ്ങളായി തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുന്നുണ്ട്. പ്രതിദിനം പത്തുപേരെങ്കിലും നായ്ക്കളുടെ കടിയേറ്റ് ചികിത്സതേടി എത്തുന്നുണ്ടെന്ന് താലൂക്ക് ഗവ. ആശുപത്രി അധികൃതര്‍ പറഞ്ഞു.

ചികിത്സ ചെലവ് നഗരസഭ വഹിക്കണം -എൽ.ഡി.എഫ്

വൈക്കം: കായിപ്പുറത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സചെലവ് വൈക്കം നഗരസഭ ഏറ്റെടുക്കണമെന്ന് എൽ.ഡി.എഫ് പാർലമെന്‍റ് പാർട്ടി ആവശ്യപ്പെട്ടു. നായ് കടിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ താലൂക്ക് ആശുപത്രിയിൽ ബന്ധപ്പെടണം. പ്രഭാത സവാരിക്കാർ, പത്രം-പാൽ വിതരണക്കാർ, സ്കൂൾ കുട്ടികൾ എന്നിവർക്ക് മുമ്പും കടിയേറ്റിട്ടുണ്ട്. ജനങ്ങൾ ഭയന്നാണ് മേഖലയിൽ കഴിഞ്ഞുകൂടുന്നത്.

കഴിഞ്ഞ എൽ.ഡി.എഫ് കൗൺസിലിന്‍റെ കാലത്ത് എ.ബി.സി പ്രോഗ്രാം നടത്തി തെരുവുനായ് ശല്യം നിയന്ത്രിച്ചിരുന്നു. യു.ഡി.എഫിന്‍റെ കൗൺസിൽ തെരുവുനായ് ശല്യം നിയന്ത്രിക്കാൻ ഒരു നടപടിയും ചെയ്തിട്ടില്ല. തെരുവുനായ് ശല്യം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് എസ്. ഹരിദാസൻ നായർ അധ്യക്ഷതവഹിച്ചു.

സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി. ശശിധരൻ, രാഗിണി മോഹനൻ, പി. ഹരിദാസ്, എം. സുജിൻ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം അനിൽ ബിശ്വാസ്, മുനിസിപ്പൽ കൗൺസിലർമാരായ അശോകൻ വെള്ളവേലി, എബ്രഹാം പഴയകടവൽ, ലേഖ ശ്രീകുമാർ, ഇന്ദിരാദേവി, കവിത രാജേഷ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Five injured in attack by stray dog ​​in vaikom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.