വൈക്കം: തെക്കേനട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വൈദ്യുതി കെ.എസ്.ഇ.ബി അധികൃതർ വിച്ഛേദിച്ചു. വൈദ്യുതി ചാർജ് ഒടുക്കാത്തതിനെ തുടർന്നാണ് നടപടി. എസ്.എസ്.എൽ.സി പരീക്ഷാപേപ്പർ ഇവിടെയാണ് സൂക്ഷിക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് വൈദ്യുതി വിച്ഛേദിച്ചത്.
തുടർന്ന് സ്കൂളിലെ അധ്യാപിക ഓൺലൈനായി പണമൊടുക്കിയതോടെ ഏഴരമണിക്കൂറിന് ശേഷം രാത്രി 10.30ഓടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. മറ്റ് ജില്ലകളിലെ പരീക്ഷ പേപ്പർ സൂക്ഷിക്കുന്നതിനാൽ സ്കൂളിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വൈദ്യതി ഇല്ലാതായതോടെ കടുത്ത ചൂടും ഇരുട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരേയും വലച്ചു.
വൈകീട്ട് സുരക്ഷാജോലിക്കായി എത്തിയവർ ഏറെനേരം സ്കൂളിൽ മാത്രം വൈദ്യുതി ഇല്ലാതിരുന്നത് ശ്രദ്ധിച്ചതോടെയാണ് വിച്ഛേദിച്ച കാര്യം അറിയുന്നത്. സ്കൂളിലെ വൈദ്യുതി വിച്ഛേദിച്ചതറിഞ്ഞ് ഇവിടുത്തെ അധ്യാപിക വൈദ്യുതി ചാർജ് ഓൺലൈനായി ഒടുക്കിയതിനെ തുടർന്ന് രാത്രി 10.30 ഓടെയാണ് വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നു. 7593 രൂപയാണ് വൈദ്യുതി ചാർജായി ഒടുക്കേണ്ടിയിരുന്നത്. നഗരസഭയാണ് സ്കൂളിന്റെ വൈദ്യുതചാർജ് ഒടുക്കേണ്ടത്.
കഴിഞ്ഞദിവസം വൈദ്യുതി ബില്ല് അടച്ചിട്ടും തെറ്റിദ്ധാരണ മൂലം വൈക്കം ജോയന്റ് ആർ.ടി ഓഫിസിലെ വൈദ്യുതി കെ.എസ്.ഇ.ബി അധികൃതർ വിച്ഛേദിച്ചത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.