ടി.വി പുരം പഞ്ചായത്തിലെ ചെമ്മനത്തുകരയിൽ നിർമാണം നടന്നുവരുന്ന സ്മാർട്ട് കൃഷിഭവൻ
വൈക്കം: ടി.വി.പുരം പഞ്ചായത്തിൽ പുതിയതായി ആരംഭിക്കുന്ന സ്മാർട് കൃഷിഭവന്റെ പണികൾ പുരോഗമിക്കുന്നു. ആദ്യനിലയുടെ വാർക്കൽ കഴിഞ്ഞു. ചെമ്മനത്തുകരയിൽ പഞ്ചായത്ത് അനുവദിച്ച ആറു സെന്റ് സ്ഥലത്ത് രണ്ട് നിലകളിലായാണ് സ്മാർട് കൃഷിഭവൻ നിർമിക്കുന്നത്.
നബാർഡ് ആർ.ഐ.ഡി.എഫ് 2022 - 2023 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 1.41 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. താഴത്തെനില 151.30 ചതുരശ്ര മീറ്ററിലും മുകളിലത്തെ നില 148.22 ചതുരശ്ര മീറ്ററിലുമാണ് നിർമിക്കുന്നത്.
കെ.എൽ.ഡി.സി കമ്പനിക്കാണ് നിർമാണച്ചുമതല. താഴത്തെനിലയിൽ ഫ്രണ്ട് ഓഫിസ്, ഇക്കോ ഷോപ്പ്, ബയോ ഫാർമസി, ഓഫീസ് മുറികളും രണ്ടാമത്തെ നിലയിൽ പ്ലാന്റ് ഹെൽത്ത് ക്ലിനിക്, സെമിനാർ ഹാൾ എന്നിവയുമാണ് ഉൾപ്പെടുന്നത്.
കൃഷിഭവനുകളെ നവീനവത്കരിക്കാനും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സേവനങ്ങൾ കൃത്യതയോടും സമയബന്ധിതമായും കർഷകരിലേക്ക് എത്തിക്കുന്നതിനായി രൂപവത്കരിച്ച പദ്ധതിയാണ് സ്മാർട് കൃഷിഭവൻ.
കാർഷിക സേവനങ്ങൾ പൂർണമായും ഓൺലൈനാക്കി പേപ്പർരഹിത ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, കർഷകർക്ക് തിരിച്ചറിയൽ കാർഡുകൾ ലഭ്യമാക്കുക, പ്ലാന്റ് ഹെൽത്ത് ക്ലിനിക് മുഖേന വിളപരിപാലന പരിപാടികൾ ഏകോപിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ സ്മാർട് കൃഷിഭവനിലൂടെ നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.