കോട്ടയം: കേൾക്കുമ്പോൾ ഒന്നിലധികം വ്യക്തികളുടെ പേരാണെന്ന് തോന്നുമെങ്കിലും ഈ പേരിന് അവകാശി ഒരാൾ മാത്രമാണ്. 2019 മുതൽ തെരഞ്ഞെടുപ്പുകളിൽ കരിമ്പുകർഷകൻ ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥി ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ ജുമൻ വി.എസ് ആണ് മറ്റ് സ്ഥാനാർഥികളിൽ നിന്ന് വ്യത്യസ്തനാവുന്നത്. ‘വിജയമല്ല, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കലാണ് പ്രധാനം’ എന്ന തത്വമാണ് ചങ്ങനാശ്ശേരി സ്വദേശി ജോമോൻ തുടരുന്നത്.
പേരിലെ കൗതുകം അതിനുപിന്നിലെ ചരിത്രത്തിനുമുണ്ട്. മുൻ രാഷ്ട്രപതി അബ്ദുൽ കലാമിനോടുള്ള ഇഷ്ടത്തിൽ നിന്നാണ് എ.പി.ജെ എന്ന ഇനിഷ്യൽ സ്വന്തം പേരിനോട് ചേർത്തത്. പഠനകാലം മുതലേ അബ്ദുൽ കലാമിന്റെ ആശയങ്ങൾ പ്രിയപ്പെട്ടതാണ്. 1999ൽ മുംബൈയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ധീരുഭായ് അംബാനിയുമായി സംസാരിക്കാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചത്. ഈ അവസരമാണ് പേരിന്റെ പരിഷ്കാരത്തിന് പിന്നിലെ പ്രചോദനം.
ഇതിനൊപ്പം മാതാപിതാക്കളുടെ പേരിന്റെ ആദ്യാക്ഷരങ്ങളും പേരിന്റെ നീളംകൂട്ടി. അമ്മയുടെ പേര് ആലീസ്, വീട്ടുപേര് പള്ളിമുട്ട്, പിതാവിന്റെ പേര് ജോസഫ്, സൗദിയിലും മുംബൈയിലും ജോലി ചെയ്തിരുന്ന സമയത്ത് സുഹൃത്തുക്കൾ വിളിച്ചിരുന്ന പേരാണ് ‘ജുമൻ’. ഇതിന്റെ ഓർമക്കായി ‘ജുമനെ’യും പേരിനൊപ്പം കൂട്ടി. പേരിന്റെ ഒടുവിലെ വി.എസ് എന്നതിലെ ‘വി’ മാമോദിസപ്പേരായ വർക്കി എന്നാണ്. ‘എസ്’ കുടുംബപ്പേരായ സ്രാമ്പിക്കലിന്റെ ആദ്യാക്ഷരവും. ഇവയെല്ലാം ഗസറ്റിൽ പരസ്യപ്പെടുത്തി തിരിച്ചറിയൽ രേഖകളിലും മറ്റും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
2019 പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ജോമോനും ഉണ്ടായിരുന്നു. എന്നാൽ അവസാനവട്ട പരിശോധനയിൽ സ്ഥാനാർഥിപത്രിക തള്ളി. അന്നുമുതൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തേടി അന്വേഷിച്ച് ഹൃദിസ്ഥമാക്കിയാണ് ജോമോൻ ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നത്.
ഇത്തവണ കോട്ടയം കൂടാതെ മാവേലിക്കര മണ്ഡലത്തിലും നാമനിർദേശപത്രിക നൽകിയെങ്കിലും സംവരണ മണ്ഡലമായതിനാൽ തള്ളപ്പെട്ടു. തൃക്കാക്കര, പാലാ, കോന്നി മണ്ഡലങ്ങളിലും ചങ്ങനാശ്ശേരി മുനിസിപ്പൽ തെരഞ്ഞെടുപ്പിലും ജോമോൻ മത്സരിച്ചിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ ‘അപരൻ’ എന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. പൗരന്മാരുടെ വോട്ടവകാശം വിനിയോഗിക്കുക, ഭരണഘടനയെകുറിച്ചും ജനാധിപത്യസംവിധാനത്തെ കുറിച്ചും ജനത്തിന് അറിവ് നൽകുക തുടങ്ങിയ ആശയങ്ങൾ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ജോമോൻ സജീവമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.