കോട്ടയം: വേമ്പനാട്ടുകായലിലെയും ഉൾനാടൻ ജലാശയങ്ങളിലെയും പോളശല്യത്തിന് ശാശ്വതപരിഹാരം കാണാൻ സാങ്കേതികസമിതി രൂപവത്കരിക്കാൻ ജില്ല പഞ്ചായത്ത് തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിലാണ് സാങ്കേതിക സമിതി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്താണ് സമിതി കൺവീനർ.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, തൊഴിലുറപ്പ് പദ്ധതി പ്രോജക്ട് ഓഫിസർ, മൈനർ-മേജർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർമാർ, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ, എം.ജി സർവകലാശാല എൻവയൺമെന്റ് സയൻസ് വിഭാഗം, പാമ്പാടി എൻജിനീയറിങ് കോളജ്, ശാസ്ത്രസാഹിത്യ പരിക്ഷത്ത് എന്നിവയുടെ പ്രതിനിധികൾ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. സമിതി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. തുലാവർഷത്തോടെ വേമ്പനാട്ടുകായലിലെയും ഉൾനാടൻ ജലാശയങ്ങളിലെയും പോളശല്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം.
വേമ്പനാട്ടുകായലും ഉൾനാടൻ ജലാശയങ്ങളുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തി ഇതുസംബന്ധിച്ച വിശദമായ ചർച്ച നടക്കും. ഇതിനായി കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, കൃഷി ഉദ്യോഗസ്ഥർ, പാടശേഖര സമിതി, മത്സ്യത്തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി ഈമാസം 20ന് മുമ്പ് യോഗങ്ങൾ വിളിച്ചുചേർക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.ആർ. അനുപമ, ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, തൊഴിലുറപ്പ് പദ്ധതി പ്രോജക്ട് ഓഫിസറും ഡെപ്യൂട്ടി ഡയറക്ടറുമായ ബെവിൻ ജോൺ വർഗീസ്, കെ. അനിൽകുമാർ, ഹൗസ് ബോട്ട് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. ഡാനിയേൽ, സെക്രട്ടറി പ്രവീൺ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.
കോട്ടയം: പോളശല്യത്തിന് ശാശ്വതപരിഹാരം കാണാൻ സാങ്കേതികസമിതി രൂപവത്കരണവുമായി മുന്നോട്ടുപോകുന്ന ജില്ല പഞ്ചായത്ത്, സ്വന്തം ഉടമസ്ഥതയിലുണ്ടായിരുന്ന പോളവാരൽ യന്ത്രത്തിന്റെ കാര്യത്തിൽ മൗനത്തിൽ. 2018ലാണ് ജില്ല പഞ്ചായത്ത് ഒരുമണിക്കൂറിൽ അഞ്ച് ടൺ പോള വാരാൻ ശേഷിയുള്ള യന്ത്രം വാങ്ങിയത്. യന്ത്രം കേടായതിനെത്തുടർന്ന് ഏറെനാൾ ഇത് വെള്ളത്തിൽ കിടന്നു. പിന്നീട് കോടിമതയിലെ മാനുഫാക്ചറിങ് യൂനിറ്റിലെത്തിച്ചെങ്കിലും അധികൃതരാരും തിരിഞ്ഞുനോക്കിയില്ല.
അടുത്തിടെ യന്ത്രം നന്നാക്കാൻ അഞ്ചുലക്ഷം രൂപ അനുവദിച്ചതായി ജില്ല പഞ്ചായത്ത് ഉദ്യോഗസ്ഥർ ജില്ല ലീഗൽ സർവിസ് അതോറിറ്റിയിൽ അറിയിച്ചിരുന്നു. എന്നാൽ, അറ്റകുറ്റപ്പണി സംബന്ധിച്ച് യന്ത്രം നിർമിച്ച കേളചന്ദ്ര മാനുഫാക്ചറിങ് യൂനിറ്റിന് നിർദേശങ്ങളൊന്നും നൽകിയിട്ടില്ല. ഇവരുടെ യാർഡിലാണ് ഇപ്പോൾ യന്ത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.