കോട്ടയം: മെഡിക്കൽ കോളജ് ആർപ്പൂക്കരയിലേക്ക് മാറ്റിയ സമയത്താണ് ജില്ല ആശുപത്രിയിൽ പേവാർഡുകൾ നിർമിക്കുന്നത്. പൊട്ടംകുളം പ്ലാന്റേഷൻ രണ്ടുനിലകളിലായി 15 മുറികൾ നിർമിച്ചുനൽകി. മെയിൻ ഗേറ്റിനടുത്തുണ്ടായിരുന്ന അഡ്മിനിസ്ട്രേഷൻ ഓഫിസ് ശോച്യാവസ്ഥയിലായതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഫണ്ടിൽനിന്ന് 2.74 േകാടി രൂപ അനുവദിച്ച് പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചു. അതിനായി പഴയ കെട്ടിടം പൊളിച്ചുമാറ്റിയപ്പോൾ പേവാർഡിന്റെ ഒരു ഭാഗം ഏറെ നാൾ അഡ്മിനിസ്ട്രേഷൻ ഓഫിസായി പ്രവർത്തിച്ചു. കോവിഡ് കാലം വരെ പേവാർഡ് നന്നായി മുന്നോട്ടുപോയിരുന്നു. കോവിഡ് പടർന്നുപിടിക്കാൻ തുടങ്ങിയതോടെ സർക്കാർ നിർദേശമനുസരിച്ച് പേവാർഡുകൾ പൂട്ടി.
നാലുവർഷം പിന്നിട്ടിട്ടും പേവാർഡുകൾ രോഗികൾക്ക് തിരിച്ചുകിട്ടിയിട്ടില്ല. സ്റ്റോക്ക് റൂം, ഡോക്ടർമാരുടെയും 108 ആംബുലൻസ് ഡ്രൈവർമാരുടെ വിശ്രമകേന്ദ്രം, ഇ ഹെൽത്ത് റൂം തുടങ്ങിയവയാണ് ഈ മുറികളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ മുറികൾ ഒഴിപ്പിച്ച് രോഗികൾക്ക് ലഭ്യമാക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. പുതിയ പത്തുനിലക്കെട്ടിടം വരുമ്പോൾ രോഗികൾക്ക് എല്ലാ സൗകര്യങ്ങളുമുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, അതുവരെ രോഗികൾ എന്തുചെയ്യുമെന്നത് അധികൃതരുടെ വിഷയമല്ല. പുതിയ കെട്ടിടത്തിന്റെ നിർമാണം എങ്ങുമെത്തിയതുമില്ല.
കോവിഡാനന്തര കാലത്ത് ഹൃദയസംബന്ധമായ അസുഖവുമായി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. അടിയന്തര നിലയിലുള്ള രോഗികളാണെങ്കിലും പ്രാഥമിക ശുശ്രൂഷ നൽകി മെഡിക്കൽ കോളജിലേക്കു പറഞ്ഞുവിടുകയാണ് ഇപ്പോൾ. ജീവൻ കയ്യിൽ പിടിച്ച് അവിടെ എത്തുമ്പോഴേക്കും രോഗിയുടെ അവസ്ഥ ഗുരുതരമായിട്ടുണ്ടാവും. ജില്ല ആശുപത്രിയിൽ തന്നെ കാത്ത് ലാബ് തുടങ്ങിയാൽ ഒട്ടേറെ രോഗികൾക്ക് ഉപകാരപ്രദമാവും. പണിയാൻ പോകുന്ന പുതിയ കെട്ടിടത്തിന്റെ പ്ലാനിലും കാത്ത്ലാബില്ല. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലടക്കം കാത്ത് ലാബ് ആരംഭിച്ചിട്ടുണ്ട്. കാത്ത്ലാബിൽ പേസ്മേക്കർ പിടിപ്പിക്കുന്ന ശസ്ത്രക്രിയ ആദ്യമായി വിജയകരമായി നടപ്പാക്കുകയും ചെയ്തു. മെഡിക്കൽ കോളജിൽ രണ്ട് കാത്ത്ലാബ് യൂനിറ്റ് ഉള്ളതിനാലാണ് ജില്ല ആശുപത്രിയിൽ കാത്ത്ലാബ് അനുവദിക്കാത്തത്.
എന്നാൽ, മാറിയ സാഹചര്യത്തിൽ ജില്ല ആശുപത്രിയിൽ കാത്ത്ലാബ് അനിവാര്യമാണ്. ദീർഘവീക്ഷണത്തോടെ ആരോഗ്യ മേഖലയിലെ എല്ലാ ചികിത്സ വിഭാഗങ്ങളും ആഴ്ചയിലൊരിക്കലെങ്കിലും ആശുപത്രിയിൽ ലഭ്യമാക്കാനായാൽ സാധാരണക്കാർക്ക് സഹായകരമാവും. എല്ലാറ്റിനും മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ട അവസ്ഥയും മാറും. പശ്ചാത്തല സൗകര്യങ്ങളും സേവനങ്ങളുമാണ് സ്വകാര്യ ആശുപത്രികളിലേക്ക് ജനങ്ങളെ എത്തിക്കുന്നത്. അത്തരം സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കാനായാലേ രോഗികൾക്കും നാടിനും ഗുണമുണ്ടാവൂ. അതിന് ഇച്ഛാശക്തിയുള്ള ഭരണകൂടം ഇല്ലാത്തതാണ് ജനങ്ങളുടെ ഗതികേട്.
(അവസാനിച്ചു.)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.