കോട്ടയം: എൺപതാം വയസ്സിൽ പുസ്തകൾക്കൊപ്പം കൂട്ടുകൂടാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് തലയോലപ്പറമ്പ് പഴംപെട്ടി കോളനി ഈരേത്തറയിൽ തങ്കമ്മ. ഈ കൂട്ടുകെട്ടിലൂടെ തങ്കമ്മക്ക് ലഭിച്ചത് നാലാം ക്ലാസെന്ന സ്വപ്നം. സംസ്ഥാന സാക്ഷരതാമിഷന്റെ നവചേതന പദ്ധതിയിലൂടെയാണ് തങ്കമ്മ തുല്യതാപഠനത്തിന്റെ പ്രാഥമികഘട്ടം പൂർത്തിയാക്കിയത്. നവചേതന പദ്ധതിയിൽ പരീക്ഷ എഴുതിയ ജില്ലയിലെ പഠിതാക്കളിൽ ഏറ്റവും പ്രായംകൂടിയ പഠിതാവായിരുന്നു തങ്കമ്മ. സാക്ഷരതാമിഷന്റെ ഏഴാംതരവും പത്താംതരവും പഠിക്കാനുള്ള തയാറെടുപ്പിലാണ് ഈ എൺപതുകാരി. തങ്കമ്മയെ പോലെ പഠനം പാതിവഴിയിൽ മുടങ്ങിയ നൂറുകണക്കിന്പേരാണ് സാക്ഷരതാമിഷന്റെ തുല്യതാവിദ്യാഭ്യാസ പദ്ധതികളിലൂടെ വീണ്ടും പഠനലോകത്തേക്ക് എത്തിയത്. അക്ഷരം അറിയാത്തവരെ സ്വന്തം പേരെഴുതാൻ പ്രാപ്തനാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാക്ഷരതാമിഷന്റെ വിവിധ പദ്ധതികളിലൂടെ നടപ്പിലാക്കുന്നത്.
നിരക്ഷരരിൽ നിന്ന് സാക്ഷരരിലേക്ക്
അക്ഷരം കൂട്ടിവായിക്കാൻ കഴിയാത്തവർക്കും പാതിവഴിയിൽ വിദ്യാദ്യാസം മുടങ്ങിയവർക്കും സംസ്ഥാന സാക്ഷരതാ മിഷൻ വിവിധപദ്ധതികളിലൂടെ പഠനത്തിന്റെ പുതിയപാത തുറന്നുകൊടുക്കുകയാണ്. എഴുത്തും വായനയും വശമില്ലാതിരുന്ന 4836 പേരാണ് തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ സാക്ഷരതാപഠനത്തിലൂടെ സാക്ഷരരായത്. 2021- 2022 ൽ കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പിലാക്കിയ ന്യൂ ഇന്ത്യലിറ്ററസി പ്രോഗ്രാമിലൂടെ 1500 പേർ സാക്ഷരത നേടി. 3484 പേർ നാലാംതരം തുല്യതാകോഴ്സിലൂടെ പ്രാഥമികവിദ്യാഭ്യാസം നേടി. ഏഴാംതരത്തിൽ 2496 പേരും, പത്താംതരത്തിൽ 6555 പേരും, ഹയർ സെക്കൻഡറിയിൽ 2366 പേരും സാക്ഷരരായി. 97.97 ശതമാനം പുരുഷന്മാരും 96.48 ശതമാനം സ്ത്രീകളും ഉൾപ്പെടെ 97.21 ശതമാനമാണ് കോട്ടയത്തെ സാക്ഷരതാനിരക്ക്.
സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തുന്ന സർവെയിലൂടെയാണ് വിവിധയിടങ്ങളിൽനിന്നും നിരക്ഷരരായ പഠിതാക്കളെ കണ്ടെത്തുന്നത്. അക്ഷരം അറിയാത്തവരെ അടിസ്ഥാന സാക്ഷരതാക്ലാസ്സുകളിലൂടെ ഭാഷ എഴുതാനും വായിക്കാനും പ്രാപ്തരാക്കുന്നു. തുടർന്ന് നാലാംതരത്തിലേക്കും ഏഴാംതരത്തിലേക്കും പ്രവേശനം നേടാം. തുല്യതാപഠനത്തിന് പ്രായപരിധിയില്ല. നാലാംതരത്തിലേക്ക് കടക്കുന്ന പഠിതാവിന്റെ ഏറ്റവും കുറഞ്ഞ പ്രായം 15 വയസ്സാണ്. ഏഴാംതരത്തിന് 15 വയസ്സും പത്താതരത്തിന് 17 വയസ്സും ഹയർസെക്കൻഡറിക്ക് 22 വയസ്സും പിന്നിടണം.
ബ്രെയിൽ സാക്ഷരതാ പദ്ധതി: കാഴ്ചപരിമിതി നേരിടുന്നവർക്ക് അടിസ്ഥാനവിദ്യാഭ്യാസം നൽകുന്നതിനാണ് ബ്രെയിൽ സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നത്. 15ന് മുകളിൽ പ്രായമുള്ള അടിസ്ഥാനവിദ്യാഭ്യാസം ലഭിക്കാത്ത കാഴ്ചപരിമിതി നേരിടുന്നവവെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് അധ്യാപകഫോറവുമായി സഹകരിച്ച് സംസ്ഥാന സാക്ഷരതാമിഷനാണ് പദ്ധതി നടപ്പാക്കുന്നത്. 192 പഠിതാക്കൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈമാസം അവസാനത്തോടെ ക്ലാസുകൾ ആരംഭിക്കും.
അന്തർ സംസ്ഥാന തൊഴിലാളികളെ മൂന്നുമാസം കൊണ്ട് മലയാളം പഠിപ്പിക്കുകയാണ് ചങ്ങാതി പദ്ധതിയുടെ ലക്ഷ്യം. 502 അന്തർസംസ്ഥാന തൊഴിലാളികളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പഠനം നടത്തിയത്.
ഇവരിൽ 428 പേർ കുറവിലങ്ങാട് പഞ്ചായത്തിൽ നടപ്പിലാക്കിയ ചങ്ങാതി പദ്ധതിയുടെ മികവുത്സവത്തിൽ മലയാളം സാക്ഷരതാപരീക്ഷ എഴുതി. തൊഴിലുടമകളുടെ സഹകരണത്തോടെയാണ് പഠന ക്ലാസുകൾ ക്രമീകരിച്ചത്.
പദ്ധതിക്കായി പ്രത്യേകം തയാറാക്കിയ ‘ഹമാരി മലയാളം’ പാഠപുസ്തകം ഉപയോഗിച്ചാണ് ചങ്ങാതിമാരെ മലയാളം പഠിപ്പിച്ചത്. ഹിന്ദിയിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യം നേടിയ ഇൻസ്ട്രക്ടർമാരാണ് പഠനക്ലാസുകൾക്ക് നേതൃത്വം നല്കിയത്. അസം, ഒഡീഷ,ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ് പഠിതാക്കളിൽ അധികവും.
നല്ല ഇംഗ്ലീഷും ഹിന്ദിയും പച്ചമലയാളവും: ഭാഷാവിദ്യാഭ്യാസത്തിനായി ഒരുക്കിയ വിവിധ പദ്ധതികളാണ് പച്ചമലയാളം കോഴ്സ്, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി തുടങ്ങിയവ. മലയാളം എഴുതാനും വായിക്കാനും കഴിയാത്തവർക്കായാണ് പച്ചമലയാളം കോഴ്സ് ഒരുക്കിയിരിക്കുന്നത്. 36ഓളം പേർ ഇതിനോടകം പച്ചമലയാളം കോഴ്സിലേക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുപോലെ സുഗമമായ ഇംഗ്ലീഷ്, ഹിന്ദി ഭാഷാപഠനത്തിനായി ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി പദ്ധതികളും ഉടൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.