കോട്ടയം: ദൈവത്തിന്റെ സ്വന്തംനാട് കാണാനെത്തുന്ന വിനോദസഞ്ചാരികൾക്ക് കുടുംബത്തിലെന്നപോലെ താമസിക്കാൻ ഒരിടം. യമുനയുടെ ആ ചിന്തയിൽനിന്നാണ് ‘ഓർക്കിഡ് വില്ല’ ഹോംസ്റ്റേയുടെ പിറവി. 2013ൽ പ്രവർത്തനം തുടങ്ങിയ ഓർക്കിഡ് വില്ലയുടെ അകത്തളങ്ങൾ കോവിഡ് കാലത്ത് അടച്ചിട്ടെങ്കിലും ആറുമാസമായി വീണ്ടും സജീവമാണ്. ട്രാവൽ ഏജൻസി നടത്തിയിരുന്ന സുനിലാണ് ഭാര്യ യമുനയോട് ആഡംബര ഹോംസ്റ്റേകളിൽനിന്നു വ്യത്യസ്തമായ നല്ല ഇടങ്ങളുടെ അഭാവത്തെക്കുറിച്ചു പറയുന്നത്.
അതും മനസ്സിൽ കണ്ടാണ് വീട് പണിതത്. തുറന്ന നിർമാണ രീതിയും ബ്രിട്ടീഷ് കൊളോണിയൽ ടച്ചും സംയോജിപ്പിച്ചതോടെ മനോഹരമായ കൊച്ചുവീട് യാഥാർഥ്യമായി. രണ്ടു മുറിയാണ് അതിഥികൾക്കായി മാറ്റിവെച്ചത്. ആറുപേർക്ക് ഇവിടെ താമസിക്കാം. മറ്റു മുറികളിൽ കുടുംബാംഗങ്ങളും. ഭക്ഷണം ഇവിടത്തെ അടുക്കളയിൽനിന്നുതന്നെ. യമുനയുടെ സംരംഭം വിജയിച്ചതിന് ഉദാഹരണമായിരുന്നു സഞ്ചാരികളുടെ ഒഴുക്ക്. ഫ്രാൻസിൽനിന്നാണ് കൂടുതൽ പേരെത്തിയിട്ടുള്ളത്. കേട്ടറിഞ്ഞുവരുന്നവരും നിരവധി. വെബ്സൈറ്റിൽ ബുക്കിങ്ങിന് അവസരമുണ്ട്. മലയാളികളും ഇപ്പോൾ ഹോംസ്റ്റേകളിലെ ജീവിതം ആസ്വദിച്ചുതുടങ്ങിയിരിക്കുന്നു. മലബാറിൽനിന്ന് കുടുംബമായി നിരവധി പേർ എത്താറുണ്ട്. വൈക്കത്തെ ക്ഷേത്രത്തിലേക്കു വരുന്നവർക്കും ഓർക്കിഡ് വില്ല പ്രിയപ്പെട്ടതാണ്.
ഗ്രാമ്യകാഴ്ചകൾ ആസ്വദിക്കാനും ബോട്ടുസവാരിക്കും അവസരമുണ്ട്. നാടൻവള്ളത്തിൽ കനാലിലൂടെ യാത്രചെയ്യാം. ഉത്തരവാദ ടൂറിസം മിഷനുമായി കൈകോർത്ത് പായ നെയ്ത്ത്, കയർപിരി, ചൂലുണ്ടാക്കൽ, കലം ഉണ്ടാക്കൽ തുടങ്ങിയവ കാണാം. ഇതിന്റെ ഭാഗമായി എട്ടു വനിതകൾക്ക് വരുമാനം ലഭ്യമാക്കുന്നു. കുടുംബശ്രീയിൽനിന്ന് ഒരുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഭൂരിഭാഗവും അടച്ചുതീർത്തു. തങ്ങളെപ്പോലെ വലിയ മുതൽമുടക്കില്ലാതെ ആർക്കും ഹോംസ്റ്റേ തുടങ്ങാമെന്നാണ് യമുന പറയുന്നത്. ബിസിനസ് മാത്രം ലക്ഷ്യമാകരുത്. ആതിഥ്യമര്യാദയിലും പാചകത്തിലും ഗാർഡനിങ്ങിലും വീട് എപ്പോഴും വൃത്തിയാക്കി ഒരുക്കിവെക്കുന്നതിലും താൽപര്യമുണ്ടായിരിക്കണം.
എ.സിയും വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യവും ഉറപ്പാക്കണം. ശരാശരി സീസണിലും മാസം 40,000-50,000 വരെ വരുമാനമുണ്ട്. യമുന, ഭർത്താവ് സുനിൽ, മാതാവ് ലീല സുകുമാരൻ എന്നിവരാണ് ഉദയനാപുരം പഞ്ചായത്ത് മൂന്നാം വാർഡിൽ നാനാടത്ത് സ്ഥിതിചെയ്യുന്ന ഓർക്കിഡ് വില്ലയിലെ ആതിഥേയർ. സർക്കാർ അംഗീകൃത ഗൈഡായ സുനിലാണ് സഞ്ചാരികൾക്കു കൂട്ടുപോകുന്നത്. വിദ്യാർഥികളായ സൗരവ്, സഞ്ജയ് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.