കോട്ടയം: പുതിയ കെട്ടിടം യാഥാർഥ്യമായി ആറ് വർഷം പിന്നിടുമ്പോഴും പഴയ കെട്ടിടത്തിൽ നിന്ന് മോക്ഷം ലഭിക്കാതെ പാമ്പാടി കാർഷികവിപണന കേന്ദ്രം. സ്ഥലപരിമിതിയിൽ ഇടുങ്ങിയാണ് കാലാകാലങ്ങളായി പാമ്പാടി ബ്ലോക്ക്, പ്രാദേശിക കൃഷി ഓഫിസുകളുടെ പ്രവർത്തനം. നബാർഡിൽ നിന്ന് ഒരുകോടിയോളം രൂപ മുടക്കി നിർമിച്ച പുതിയ ഇരുനില കെട്ടിടം സമീപത്ത് സ്ഥാപിച്ചിരിക്കെയാണ് ഇപ്പോഴും പഴയ കെട്ടിടത്തിൽ കാർഷികവിപണന കേന്ദ്രം തുടരുന്നത്. പുതിയ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റുന്നതിനായി പലതവണ ജീവനക്കാർ പഞ്ചായത്തിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും വാക്കാലുള്ള മറുപടിയല്ലാതെ എന്ന് മാറാനാവും എന്ന് അധികൃതർ അറിയിച്ചിട്ടില്ല.
50 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിൽ ഫാനുകളോ ലൈറ്റുകളോ വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ല. തറയിലെ ടൈലുകൾ പൊട്ടിയും മതിയായ പവർ ബാക്കപ്പോ കർഷകർക്ക് നൽകാനായി എത്തിക്കുന്ന വിത്തുകൾ സൂക്ഷിക്കാൻ സൗകര്യമോ ഇവിടില്ല. വയറിങിനായി അപേക്ഷ സമർപ്പിച്ചെങ്കിലും ഉടൻ കെട്ടിടം മാറുമെന്ന കാരണത്താൽ അത് ചെയ്യേണ്ടതില്ലെന്നാണ് പഞ്ചായത്ത് അധികൃതരിൽ നിന്നുള്ള മറുപടി.
ബ്ലോക്ക് കാർഷികവിപണന കേന്ദ്രവും പ്രാദേശിക കാർഷികവിപണന കേന്ദ്രവും നിലവിൽ രണ്ട് മുറികളിലായാണ് പ്രവർത്തിക്കുന്നത്. മണ്ണ് പരിശോധനക്കായുള്ള അഗ്രോ ക്ലിനിക്കും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനായിട്ടില്ല. വൈദ്യുതികണക്ഷൻ ലഭിച്ചിട്ടില്ലെന്ന കാരണമാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്നത്. ഫാർമേഴ്സ് പ്രൊഡക്ഷൻ ഓർഗനൈസേഷൻ (എഫ്.പി.ഒ) ഓഫിസിനായി ഒരുമുറി പുതിയ കെട്ടിടത്തിൽ അനുവദിച്ചിട്ടുണ്ട്. കാലാകാലങ്ങളായി മാറി വരുന്ന ഉദ്യോഗസ്ഥരുടെ അപേക്ഷക്ക് ‘നടത്തി തരാം’എന്ന മനോഭാവമാണ് പഞ്ചായത്തിന്റേതെന്ന് ആക്ഷേപമുണ്ട്.
ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സഹായത്തോടെ ഒമ്പത് വർഷം മുമ്പാണ് കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. ദേശിയപാതക്ക് അഭിമുഖമായാണ് രണ്ട് നിലകളിൽ 36 കടമുറികളായി പുതിയ കെട്ടിടം നിർമിച്ചത്.
എന്നാൽ 15ഓളം വരുന്ന കാർഷിക ഉദ്യോഗസ്ഥർ അടിസ്ഥാനസൗകര്യം പോലും നിഷേധിക്കപ്പെട്ട് പഴയ കെട്ടിടത്തിൽ തുടരുകയാണ്. സ്ത്രീകളടക്കമുള്ള ജീവനക്കാർക്ക് ആവശ്യത്തിന് വെള്ളവും ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. പുതിയ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റിസ്ഥാപിക്കണമെന്ന് കാർഷിക വികസനസമിതിയുടെ നിർദ്ദേശം ഉയർന്നുവരികയും മിനുട്സിൽ രേഖപ്പെടുത്തിയെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല.
കർഷകർക്ക് എത്തിക്കുന്ന വിത്തുകളും തൈകളും സൂക്ഷിക്കാൻ ഇവിടെ സൗകര്യമില്ല. സൂര്യപ്രകാശം ചെല്ലാത്ത മുറിയുടെ ഉള്ളിൽ സൂക്ഷിക്കുന്ന വിത്തുകൾ കർഷകർക്ക് ഉപയോഗമില്ലാതെ മാറുകയാണെന്നും ആക്ഷേപമുണ്ട്. വിവിധ ആവശ്യങ്ങളുമായി എത്തുന്ന കർഷകർ ഓഫിസിന്റെ ഇടുങ്ങിയ മുറികളിലേക്ക് എത്തണം. പുതിയ കെട്ടിടത്തിലെ മുറികൾ വാടകക്ക് നൽകി കൊള്ളലാഭമുണ്ടാക്കാനാണ് പഞ്ചായത്തിന്റെ ശ്രമമെന്നാണ് പരാതി.
പഴയകാലത്ത് ജില്ലയിലെ പ്രൗഡിയുള്ള മാർക്കറ്റ് ആയിരുന്നു പാമ്പാടിയിലേത്. നാട്ടുചന്ത മാതൃകയിൽ ഏറെ വർഷം പാമ്പാടിക്കാരും കൂരോപ്പട, കറുകച്ചാൽ തുടങ്ങിയ സമീപപ്രദേശങ്ങളിൽ നിന്നുള്ളവരും ആശ്രയിച്ചിരുന്ന മാർക്കറ്റെന്ന ചരിത്രവും പഴയ മാർക്കറ്റിന് ഉണ്ടായിരുന്നു. ചന്ത ഇല്ലാതായതോടെ കർഷകരുടെ വിപണിയുടെ നട്ടെല്ലാണ് നഷ്ടമായത്.
ഓരോ കടകൾ കയറി കച്ചവടക്കാർ പറയുന്ന വിലക്ക് സാധനങ്ങൾ വിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ. പുതിയ കെട്ടിടത്തിന്റെ സാധ്യത വർധിക്കുമ്പോൾ പഴയ മാർക്കറ്റ് പുനർനിർമിക്കുമെന്ന പ്രതീക്ഷയിലാണ് പാമ്പാടിയിലെ കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.