കോഴിക്കോട്: ബി.എസ്.എൻ.എല്ലിനെ മറയാക്കി സൈബർ തട്ടിപ്പുമായി ഇതര സംസ്ഥാന സംഘങ്ങൾ രംഗത്ത്. സിം വെരിഫിക്കേഷൻെറ പേരിൽ നടക്കുന്ന തട്ടിപ്പിൽ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായാണ് സൈബർ പൊലീസിനു കിട്ടിയ വിവരം. തട്ടിപ്പ് വ്യാപകമായതോടെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ബി.എസ്.എൻ.എൽ മുന്നറിയിപ്പ് നൽകി. ബി.എസ്.എൻ.എൽ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശമയച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. തിരിച്ചറിയൽ രേഖകൾ അപ്‌ലോഡ് ചെയ്യാൻ ഒപ്പം ചേർത്ത നമ്പറിൽ വിളിക്കുകയോ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ വേണമെന്നാണ് നിർദേശം.
ഇല്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ സിംകാർഡ് ബ്ലോക്കായേക്കുമെന്നും സന്ദേശത്തിലുള്ളതിനാൽ ആളുകൾ പെട്ടെന്ന് ബന്ധപ്പെടുകയാണ്. ബി.എസ്.എൻ.എൽ എന്നതിനൊപ്പം ഏതെങ്കിലും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾകൂടി ചേർത്ത് സന്ദേശം അയക്കുന്നതിനാൽ പലരുമിത് ആധികാരികമെന്ന് കരുതുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. അത് കഴിയുമ്പോൾ സിം കാർഡ് ആക്ടിവേഷനായി പത്തു രൂപ റീചാർജ് ചെയ്യാൻ പറയും. എ.ടി.എം കാർഡ്, ഇൻറർനെറ്റ് ബാങ്കിങ്, യു.പി.ഐ തുടങ്ങിയവയിലൊന്നിലൂടെ വേണം റീചാർജ് എന്നും നിർദേശിക്കും. ഇതാണ് പണം പോവുന്നതിലേക്ക് വഴി തുറക്കുന്നത്. മീറ്റിങ് ആപ്പാണ് മുൻകൂട്ടി ഡൗൺലോഡ് ചെയ്യിപ്പിക്കുന്നത്. ഉപഭോക്താവിൻെറ കൈവശമുള്ള മൊബൈൽ ഫോണിൻെറ പകർപ്പ് കാണിക്കുമെന്നതാണ് ഈ ആപ്പിൻെറ പ്രവർത്തനം. റീചാർജ് ചെയ്യുമ്പോൾ കാർഡിൻെറയും അക്കൗണ്ടിൻെറയും വിവരം, യു.പി.ഐ പിൻ എന്നിവയെല്ലാം തട്ടിപ്പുകാരിലേക്ക് മൊബൈൽ മീറ്റിങ് ആപ് വഴി എത്തും.
ഉടൻ അക്കൗണ്ടിലെ പണം തട്ടിയെടുക്കുകയും ചെയ്യും. തൃശൂർ സ്വദേശിയുടെ അക്കൗണ്ടിൽനിന്ന് ലക്ഷം രൂപയും കൊയിലാണ്ടി സ്വദേശിയായ അധ്യാപകൻെറ അക്കൗണ്ടിൽനിന്ന് 33,000 രൂപയും ഈ രീതിയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. പുതിയ സിം എടുക്കുേമ്പാൾ 1507 എന്ന നമ്പറിലേക്ക് വിളിച്ച് വിലാസത്തിൻെറ വിശ്വാസ്യത ഉറപ്പാക്കുന്നതൊഴിച്ചാൽ മറ്റു നിർദേശങ്ങളൊന്നും ബി.എസ്.എൻ.എൽ നൽകാറില്ലെന്ന് കോഴിക്കോട് ബി.എസ്.എൻ.എൽ ജനറൽ മാനേജർ സാനിയ അബ്ദുൽ ലത്തീഫ് അറിയിച്ചു. ബി.എസ്.എൻ.എൽ അറിയിപ്പെന്നു െതറ്റിദ്ധരിപ്പിച്ച് വരുന്ന സന്ദേശങ്ങളിലെ ഫോൺ നമ്പറിൽ വിളിക്കുകയോ വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. മൊബൈൽ സേവനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 1503 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കുകയോ കസ്റ്റമർ കെയർ സൻെറുമായി ബന്ധപ്പെടുകയോ ആണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.