പേരാമ്പ്ര: കാരുണ്യത്തിന്റെയും കൂട്ടായ്മയുടെയും കായണ്ണ മാതൃക പുതുചരിത്രം രചിച്ചിരിക്കുകയാണ്. ഒരു വീട്ടിലെ രണ്ടു മക്കൾക്കും മാരകരോഗം പിടിപെട്ട് പ്രയാസപ്പെടുമ്പോൾ ആ കുടുംബത്തിന് താങ്ങാവേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കിയ കായണ്ണ ദോസ്ത് വാട്സ്ആപ് കൂട്ടായ്മ 'ബിരിയാണി ചലഞ്ച്' സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പരമാവധി 3000 ബിരിയാണി വെക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. ആവശ്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചപ്പോൾ ഓർഡറുകളുടെ പ്രവാഹമായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഓർഡറുകൾ ലഭിച്ചു. ബിരിയാണിയുടെ എണ്ണം 10,000ഉം കടന്ന് കുതിക്കുകയായിരുന്നു. 15,000 ആയപ്പോൾ ഓർഡർ എടുക്കുന്നത് അവസാനിപ്പിച്ചു. 15,000 ബിരിയാണി ഒരു ദിവസം വെച്ച് പാർസലാക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, ആ വെല്ലുവിളി ഏറ്റെടുക്കാൻ കായണ്ണയുടെ യുവത്വം രാപ്പകൽ ഭേദമില്ലാതെ പ്രവർത്തനസജ്ജരായി. രണ്ടാം വാർഡിലെ പുത്തൻപീടിക താഴെ അഫ്സലിന്റെ വീട്ടുവളപ്പിൽ പന്തലൊരുക്കി അവർ സ്നേഹത്തിന്റെ അടുപ്പുകൂട്ടി. സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറോളം ആളുകളാണ് ഞായറാഴ്ച ഒരുപോള കണ്ണടക്കാതെ പ്രവർത്തിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴു മുതൽതന്നെ ബിരിയാണി പാർസലായി നൽകിത്തുടങ്ങി. വാട്സ്ആപ് കൂട്ടായ്മ ചെയർമാൻ അഫ്സൽ അന്ത്രുക്കണ്ടി, കൺവീനർ ടി.കെ. രമേശൻ, രക്ഷാധികാരി രാജേഷ് കായണ്ണ, ടി.കെ. ലിനീഷ്, സജീവൻ സൂപ്പർ, മനു പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ മഹാദൗത്യം വിജയിപ്പിച്ചത്. മാട്ടനോട് എ.യു.പി സ്കൂൾ വിദ്യാർഥികളും കോറോത്ത് ഷമീറിന്റെ മക്കളുമായ മുഹമ്മദ് ഷഹൽ ഷാ (11) ആയിഷ തൻഹ (7) എന്നീ സഹോദരങ്ങളുടെ ചികിത്സ ചെലവിനുവേണ്ടിയാണ് ദോസ്ത് ബിരിയാണിയുമായി രംഗത്തിറങ്ങിയത്. തലാസീമിയ എന്ന രോഗമാണ് കുട്ടികൾക്ക് പിടിപെട്ടത്. ഇത് ഭേദമാകാൻ മജ്ജ മാറ്റിവെക്കണം. ഇതിന് 80 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഈ തുക സമാഹരിക്കാൻ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കമ്മിറ്റി കുട്ടികളുടെ മാതാവ് മുബീന കോറോത്തിന്റെ പേരിൽ ഫെഡറൽ ബാങ്ക് മൊട്ടന്തറ ശാഖയിൽ 13230100139045 നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് (IFSC - FDRL 0001323) Google Pay No : 7510742274 photo : കായണ്ണയിൽ ദോസ്ത് വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ബിരിയാണി ഒരുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.