കുപ്പിക്കഴുത്തിൽ മുട്ടി​ റോഡ്​ വികസനം; പുഷ്പ ജങ്​ഷൻ റോഡ്​ വീതികൂട്ടൽ അനിശ്ചിതമായി നീളുന്നു

കോഴിക്കോട്: ദേശീയ ഹൈവേ കല്ലായ് റോഡിൽനിന്ന് പടിഞ്ഞാറ് ഫ്രാൻസിസ് റോഡിൽ പ്രവേശിക്കുന്ന ജങ്ഷൻ വികസനം തടസ്സപ്പെട്ടത്​ ഗതാഗതക്കുരുക്കിനും അപകടത്തിനും വഴിയൊരുക്കുന്നു. പുഷ്പ ജങ്ഷൻ എന്നറിയപ്പെടുന്ന ഇവിടെ വടക്ക് ഭാഗം വീതികൂട്ടിയത് ചാലപ്പുറം റോഡ് വികസനത്തിന്‍റെ ഭാഗമായാണ്. അന്നുതന്നെ ബീച്ച് മുതൽ പൊക്കുന്ന് വരെ വീതി കൂട്ടാനായിരുന്നു പദ്ധതി. തിരക്കേറിയ പുഷ്പ ജങ്ഷൻ മുതൽ മാങ്കാവ് വരെ 13 മീറ്റർ വീതിയിൽ വികസിപ്പിച്ചിട്ടുണ്ട്​. ബീച്ച് മുതൽ പുഷ്പ ജങ്ഷൻ വരെയും ജങ്ഷൻ പടിഞ്ഞാറ് വീതി കൂട്ടലും ബാക്കിയാണ്​. ഇത്​ ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാവുന്നു. വികസനപദ്ധതി അനിശ്ചിതമായി നീളുകയാണ്​. പുഷ്പ ജങ്ഷൻ വീതികൂട്ടാൻ സ്ഥലമെടുക്കൽ നടപടി പൊതുമരാമത്ത് സ്വീകരിച്ചതാണ് എന്ന്​ കുറ്റിച്ചിറ വാർഡ്​ കൗൺസിലർ കെ. മൊയ്തീൻകോയ പറഞ്ഞു. ജങ്​ഷനിലെ ഏതാനും കടകൾ ഒഴിഞ്ഞുപോയതുമാണ്. ഇപ്പോൾ റോഡിലേക്ക് തള്ളി വൻ കെട്ടിടം നിർമിച്ചിട്ടും ബന്ധപ്പെട്ടവർ അനങ്ങാപാറ നയം സ്വീകരിച്ചു എന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. കെട്ടിടം ഉയർത്തി വൻകിടക്കാർ കോർപറേഷൻ അധികാരികളെ വെല്ലുവിളിച്ചെങ്കിലും ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ല. കെട്ടിടനിർമാണ ചട്ടം നഗ്നമായി വെല്ലുവിളിച്ചിട്ടും ഉദ്യോഗസ്ഥരും ഇതുവഴി കടന്നുപോകുന്ന ഭരണാധികാരികളും അവഗണിക്കുന്നുവെന്നാണ്​ പരാതി. കഴിഞ്ഞ ദിവസം കോർപറേഷൻ കൗൺസിൽ യോഗം പ്രമേയം വഴി അടിയന്തര നടപടിക്ക് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പടം bk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.