ക്വാറിക്ക്​ അനുമതി നൽകിയില്ല; കാസർകോട്​ ഡി.എഫ്​.ഒയെ മാറ്റി

നടപടി സി.പി.എം, സി.പി.ഐ എതിർപ്പ്​ മറികടന്ന്​ കാസർകോട്​: എൻ.സി.പി നേതാക്കളുടെ നിയമവിരുദ്ധ ശിപാർശകൾ തള്ളിയ കാസർകോട്​ ഡി.എഫ്​.ഒയുടെ സ്ഥാനം തെറിച്ചു. ഡി.എഫ്.ഒ പി. ധനേഷ് കുമാറിനെയാണ്​ സ്ഥാനം മാറ്റിയത്​. ധനേഷ്​ കുമാറിനെ കാസർകോട്ടെ തന്നെ സാമൂഹിക വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി നിയമിച്ചപ്പോൾ ഈ തസ്തികയിലുണ്ടായിരുന്ന പി. ബിജുവിന്​ ഡി.എഫ്.ഒ ആയി നിയമനം നൽകി. കുറച്ചു നാളുകളായി ഡി.എഫ്.ഒയും എൻ.സി.പി ജില്ല നേതൃത്വവും ഇടഞ്ഞു നിൽക്കുകയായിരുന്നു. വനാതിർത്തിയിലെ ക്വാറികൾക്ക്​ അനുമതി നൽകാത്തതും ഒന്നാം പിണറായി സർക്കാറി‍ൻെറ കാലത്ത്​ നിയമിക്കപ്പെട്ട താൽകാലിക ജീവനക്കാരെ പിരിച്ചുവിട്ട്​ എൻ.സി.പിയുടെ ശിപാർശ പ്രകാരം ജീവനക്കാരെ നിയമിക്കാത്തതുമാണ്​ ഡി.എഫ്​.ഒയും എൻ.സി.പി നേതൃത്വവും തമ്മിൽ ഇടയാൻ കാരണമായത്​​. ആറുമാസം മുമ്പാണ്​ ധനേഷ്​ കുമാറിനെ കാസർകോടേക്ക്​ മാറ്റിയത്​. ഈ കാലയളവിൽ അദ്ദേഹത്തി‍ൻെറ മുന്നിലെത്തിയ ക്വാറി അപേക്ഷകൾക്ക്​ എൻ.ഒ.സി നൽകിയിരുന്നില്ല. എല്ലാം എൻ.സി.പി മുഖേനയുള്ള ശിപാർശകളായിരുന്നു. ഇതിനെതുടർന്ന്​ എൻ.സി.പി നേതാക്കൾ അദ്ദേഹത്തെ ഓഫിസിൽ ചെന്നുകണ്ടിരുന്നു. പിന്നാലെ സ്ഥലംമാറ്റ ഭീഷണിയും ഉണ്ടായി. ഇതിനു പുറമെ താൽക്കാലിക നിയമനത്തിനുള്ള പട്ടികയും കൈമാറി. പിരിച്ചുവിടേണ്ട തൊഴിലാളികൾ ഒന്നാം പിണറായി സർക്കാറി‍ൻെറ കാലത്ത്​ നിയമിക്കപ്പെട്ട സി.പി.ഐക്കാരായിരുന്നു. സി.പി.എമ്മിനും സി.പി.ഐക്കും താൽപര്യമുള്ള ഉദ്യോഗസ്ഥനുനേരെ സ്ഥലം മാറ്റ ഭീഷണി ഉയർന്നപ്പോൾ തന്നെ ധനേഷ്​ കുമാറിനെ സ്ഥലം മാറ്റാൻ പാടില്ലെന്ന്​ മുന്നണി നേതൃത്വം വനം മന്ത്രിയോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊടുന്നനെ സ്ഥലം മാറ്റാതെ സ്ഥാനം മാറ്റുകയായിരുന്നു. ഭരണപരമായ ചുമതലയില്ലാത്ത മരം നടീൽ വകുപ്പിലേക്കാണ്​ ധനേഷിനെ മാറ്റിയത്​. വയനാട്ടില്‍ ഡി.എഫ്.ഒ ആയിരിക്കേ മുട്ടിലിലെ മരംമുറിക്കെതിരായി ആദ്യം നടപടിയെടുത്തതു ധനേഷായിരുന്നു. -രവീന്ദ്രൻ രാവണേശ്വരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.