കോഴിക്കോട്: ബീച്ച് ആശുപത്രി വളപ്പിൽ ലഹരിക്കടിമപ്പെട്ടവരെ ചികിത്സിക്കുന്ന ഒ.എസ്.ടി (ഓറല്‍ സബ്സ്റ്റിറ്റ്യൂഷന് തെറപ്പി) സെന്ററിന്റെ കെട്ടിടം പൊളിച്ചു മാറ്റാനുള്ള തീരുമാനം നടപ്പാവുന്നില്ല. ഇവിടെ ചികിത്സയുടെ മറവില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമെന്ന് ആരോപിച്ച് ആശുപത്രി അധികൃതര്‍ നേരത്തേ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം ആശുപത്രി വളപ്പിൽനിന്ന് മാറ്റാൻ ജൂലൈ 15ന് നടന്ന ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ഇതിന് പി.ഡബ്ല്യു.ഡി എൻജിനീയർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, പി.ഡബ്ല്യു.ഡി അധികൃതർ കെട്ടിടം പരിശോധിച്ചുപോയതല്ലാതെ ആശുപത്രി വളപ്പിൽനിന്ന് മാറ്റാൻ നടപടിയുണ്ടാട്ടില്ല.
കെട്ടിടം ഏതു നിമിഷവും തകർന്നു വീഴുന്ന അവസ്ഥയിലാണ്. കേന്ദ്രത്തിന്റെ മറവിൽ മയക്കുമരുന്ന് ഉപയോഗം നിർബാധം തുടരുകയാണ്. ഇത് നിയന്ത്രിക്കാൻ ആരുമില്ല, മാത്രമല്ല ആശുപത്രിലെത്തുന്ന രോഗികൾക്കും ഇത് ദുരിതമാവുന്നുണ്ട്. ആശുപത്രി വളപ്പിൽ അപകടകമായ രീതിയിൽ വാഹനങ്ങൾ ഓടിച്ചു കയറ്റുന്നതും ജീവനക്കാരെയും രോഗികളുടെ കൂട്ടിരിപ്പുകാരെയും അസഭ്യം പറയുന്നതും അടക്കം നിരവധി സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ആശുപത്രി വളപ്പിൽ പുതായി നിർമിച്ച അമ്മത്തൊട്ടിൽ പരിസരത്തും സമൂഹിക വിരുദ്ധർ വിളയാടുന്നത് പതിവാണ്. അയൽ ജില്ലകളിൽനിന്നുള്ള വിദ്യാർഥികൾവരെ മയക്കുമരുന്ന് ഉപയോഗത്തിന് ഇവിടെ എത്തുന്നുണ്ട്. ഒ.എസ്.ടി ക്ലിനിക് ആയതിനാൽ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്യാൻ ആരുമില്ലെന്നതാണ് ഇവർക്ക് സഹായകമാവുന്നത്.
മാത്രമല്ല കെട്ടിടം ബലക്ഷയം കാരണം ഉപയോഗയോഗ്യമല്ലെന്ന് നേരത്തേ അധികൃതർ കണ്ടെത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്ലിനിക്കിന്റെ തൊട്ടടുത്ത മുറിയിൽ പ്രവർത്തിക്കുന്ന അംഗൻവാടി കോർപറേഷൻ അധികൃതർ മാറ്റിസ്ഥാപിച്ചിരുന്നു. എന്നാൽ, ഒ.എസ്.ടി കേന്ദ്രം പൊളിച്ചു മാറ്റാൻ തയാറാവാത്തത് പരക്കെ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. നാഷനൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഒ.എസ്.ടി കേന്ദ്രം പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.