ബാലുശ്ശേരി: കക്കയം തൂവക്കടവ് മേഖലയിൽ കാട്ടാനകളിറങ്ങി തെങ്ങുകൾ നശിപ്പിച്ചു. ജോസ് പറപ്പള്ളി, ജോസ് മടുക്കാവുങ്കൽ എന്നിവരുടെ കായ്ഫലമുള്ള തെങ്ങുകളാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ മേഖലയിൽ കാട്ടാനക്കൂട്ടമെത്തി വ്യാപകമായി കൃഷി നശിപ്പിച്ചതിനെത്തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാസ്ക്വാഡ് രൂപവത്കരിച്ച് രാത്രി കാവൽ ഏർപ്പെടുത്തിയും പടക്കം പൊട്ടിച്ചും കാട്ടാനശല്യം നിയന്ത്രിച്ചിരുന്നു. ആനയെ ഓടിക്കാൻ പടക്കം പൊട്ടിക്കുന്നതിനിടെ വനംവകുപ്പ് വാച്ചർക്ക് പരിക്കേൽക്കുകയുമുണ്ടായി.
കക്കയം വനമേഖലയിൽനിന്നാണ് റിസർവോയർ നീന്തിക്കയറി കാട്ടാനകൾ കൃഷിഭൂമിയിലെത്തുന്നത്. വൈദ്യുതി കമ്പിവേലി സ്ഥാപിച്ച സ്ഥലങ്ങളിലും ഇത് തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ട്. വനാതിർത്തി പ്രദേശത്ത് തൂക്കു സൗരവേലി നിർമിച്ചാൽ കാട്ടാനശല്യം നിയന്ത്രിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. കക്കയം മുതൽ ഓട്ടപ്പാലം വരെ 26.5 കിലോമീറ്ററോളം ദൂരം തൂക്കു സൗരവേലി നിർമിക്കാൻ വനംവകുപ്പ് 1.89 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ജലസേചന വകുപ്പ് സ്ഥലം, കെ.എസ്.ഇ.ബി വനഭൂമി, സ്വകാര്യ ഭൂമി എന്നീ സ്ഥലങ്ങളിലൂടെ സൗരവേലി നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനായി സ്ഥലം എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവരുടെ യോഗം വിളിച്ചുചേർത്ത് ഉടൻതന്നെ ഡി.പി.ആർ തയാറാക്കും. നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിക്കാനാണ് തീരുമാനം. കക്കയം തൂവക്കടവ് മേഖലയിലെ കാട്ടാനപ്രശ്നം ചർച്ച ചെയ്യാനായി ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ യോഗം വിളിച്ചുചേർത്തിരുന്നു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഒ.കെ. അമ്മദ്, ഡാർലി എബ്രഹാം, മെംബർമാരായ ജെസി കരിമ്പനക്കൽ, സിമിലി ബിജു, അരുൺ ജോൺസൺ, ബേബി, ആൻഡ്രൂസ് കുട്ടിക്കാന, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സി. വിജിത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.