ബാലുശ്ശേരി: കക്കയം ഗവ. എൽ.പി സ്കൂൾ കെട്ടിട നിർമാണ അഴിമതിയിൽ കേസെടുക്കാൻ വിജിലൻസ് അനുമതി തേടി. സ്കൂളിനായി ഭൂമി വാങ്ങിയതിലും കെട്ടിടം നിർമിച്ചതിലും സ്പെഷൽ ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെയാണ് കേസെടുക്കാൻ വിജിലൻസ് അനുമതി തേടിയത്. ഓഡിറ്റ് റിപ്പോർട്ട് വന്നശേഷം വിജിലൻസ് മുമ്പാകെ ലഭിച്ച പരാതിയെത്തുടർന്ന് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
ഇതേത്തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ കോഴിക്കോട് യൂനിറ്റ് വിജിലൻസ് സംസ്ഥാന ഡയറക്ടറേറ്റിന്റെ അനുമതി തേടിയത്. കക്കയം ജി.എൽ.പി സ്കൂൾ മാറ്റിസ്ഥാപിക്കുന്നതിനായി കക്കയം 30ാം മൈലിൽ സ്ഥലവും കെട്ടിട നിർമാണവും ഉൾപ്പെടെ 30 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെങ്കിലും എട്ടു വർഷമായി കെട്ടിടം ഉപയോഗശൂന്യമായി കാടുമൂടിയ നിലയിലാണ്. കക്കയം കെ.എസ്.ഇ.ബി കോളനിക്കു സമീപം കെ.എസ്.ഇ.ബി കെട്ടിടത്തിലാണ് ഇപ്പോഴും സ്കൂൾ പ്രവർത്തനം.
ഇവിടെ കെ.എസ്.ഇ.ബിയുടെ അനുമതിയില്ലാതെ വികസനം നടത്താനാകില്ല. ജനവാസ കേന്ദ്രമായ കക്കയം അങ്ങാടിയിൽനിന്ന് മൂന്നു കിലോമീറ്ററോളം ദൂരെയായി ചെങ്കുത്തായ സ്ഥലത്താണ് പുതിയ കെട്ടിടം. ഇവിടെ വിദ്യാർഥികൾക്ക് എത്താൻ പ്രയാസമാണ്. സ്കൂളിനായി ഭൂമി വാങ്ങാൻ ചെലവഴിച്ച 16 ലക്ഷം രൂപയുടെ നഷ്ടം നിർവഹണോദ്യോഗസ്ഥനായ അന്നത്തെ പ്രധാനാധ്യാപകൻ, പഞ്ചായത്ത് ഭരണസമിതിയിലെ 12 അംഗങ്ങൾ എന്നിവരിൽ നിന്നായി ഈടാക്കാനും ഓഡിറ്റ് വിഭാഗം നിർദേശിച്ചിരുന്നു.
നിലവിൽ കക്കയത്ത് പ്രവർത്തിക്കുന്ന ജി.എൽ.പി സ്കൂൾ വന്യമൃഗഭീഷണിയുടെ നിഴലിലാണ്. പഴയ കെട്ടിടത്തിൽ ഈ വർഷം നവീകരണ പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. സ്കൂളിന്റെ സ്റ്റോർ റൂം, കിച്ചൻ എന്നിവ തകർന്ന നിലയിലാണ്. വിദ്യാർഥികളുടെ ശുചിമുറിയാകട്ടെ, വാതിൽ പോലും തകർന്ന നിലയിലും കക്കയം വനത്തിനു തൊട്ടുസമീപത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.