ബാലുശ്ശേരി: പുതുവർഷത്തെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി തോണിക്കടവ്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽപ്പെട്ട കല്ലാനോട് തോണിക്കടവ് ടൂറിസം കേന്ദ്രത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ദീപാലം കൃതമാക്കുകയും ലൈറ്റ് ഫെസ്റ്റിന് തുടക്കം കുറിക്കുകയും ചെയ്തു.
ദിനംപ്രതി നിരവധി വിനോദസഞ്ചാരികളാണ് കക്കയം-കരിയാത്തുംപാറ- തോണിക്കടവ് ടൂറിസം കേന്ദ്രങ്ങളിലേക്കെത്തുന്നത്. ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ടൂറിസം മാനേജ്മെന്റ് കമ്മിറ്റി നേതൃത്വത്തിൽ ലൈറ്റ് ഫെസ്റ്റിനും തുടക്കമായി. തോണിക്കടവിലെ വാച്ച് ടവറും പരിസരപ്രദേശങ്ങളും ദീപാലംകൃതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 27ന് ആരംഭിച്ച ലൈറ്റ് ഫെസ്റ്റ് ജനുവരി മൂന്നുവരെ തുടരും. എം.ടി. വാസുദേവൻ നായരുടെയും മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും നിര്യാണത്തെതുടർന്ന് ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കിയിരുന്നു. തോണിക്കടവ് വാച്ച്ടവറിൽനിന്നുള്ള റിസർവോയർ കാഴ്ചയും കക്കയം മലനിരകളുടെ കാഴ്ചയും ബോട്ട് സർവിസും സന്ദർശകർക്ക് മനംകവരുന്ന ദൃശ്യാനുഭവവങ്ങളാണ് നൽകുന്നത്.
തോണിക്കടവിലെ കുന്നുകൾക്കിടയിലായി നിലകൊള്ളുന്ന ഹൃദയ ദ്വീപ് ഇവിടത്തെ മറ്റൊരാകർഷണമാണ്. തോണിക്കടവിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു ഘടകം ഇവിടത്തെ വാച്ച് ടവറാണ്. മൂന്നുനിലകളിലായി കുന്നിൻപുറത്ത് പണിത വാച്ച് ടവറിൽനിന്ന് നോക്കിയാൽ പച്ചപ്പിന് നടുവിലായുള്ള കക്കയം കരിയാത്തുംപാറ റിസർവോയറിന്റെ മനോഹര കാഴ്ച സഞ്ചാരികളുടെ ഹൃദയം കവരുന്നതാണ്.
നിരവധി സഞ്ചാരികൾ എത്തുന്ന ഇടമായിട്ടും ഇനിയും വേണ്ടത്ര സൗകര്യം ഉറപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇവിടേക്കുള്ള റോഡിന്റെ ഇരുഭാഗത്തും കാട് വളർന്നു വാഹനങ്ങൾക്ക് കാഴ്ചമറക്കുന്ന അവസ്ഥയാണ്. റോഡിന്റെ കാര്യവും തകർന്ന മട്ടിലാണ്. ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ ഭാഗത്തുനിന്നാകട്ടെ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന പരാതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.