ബാലുശ്ശേരി: ഖരമാലിന്യ പരിപാലന ചട്ടങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ വിജിലൻസ് സ്ക്വാഡ് പരിശോധന ഊർജിതമാക്കി. മലിനജലം ജലസ്രോതസ്സിലേക്ക് ഒഴുക്കിവിട്ടതിനും ഗ്രീൻപ്രോട്ടോകോൾ പാലിക്കാത്തതിനും ശ്രീഗോകുലം കൺവെൻഷൻ സെന്ററിന് നോട്ടീസ് നൽകുകയും 20000 രൂപ പിഴയീടാക്കുകയും ചെയ്തു.
കെ.സി ബേക്കറിയുടെ റിംഗ് കമ്പോസ്റ്റിൽ നിന്നും മലിനജലം അയൽവാസിയുടെ കിണറിലേക്കിറങ്ങിയെന്ന പരാതിയിൽ ബേക്കറി നിർമാണ കേന്ദ്രത്തിന്റെ ലൈസൻസ് റദ്ദ് ചെയ്ത് സ്ഥാപനം അപാകത പരിഹരിക്കും വരെ അടച്ചുപൂട്ടുന്നതിന് നിർദേശം നൽകുകയും പിഴയീടാക്കുകയും ചെയ്തു.
മൊടക്കല്ലൂർ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ നിന്നും മലിനജലം പുറത്തേക്കൊഴുക്കുന്നു എന്ന പരാതിയിൽ സ്ക്വാഡ് പരിശോധന നടത്തുകയും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അപാകത പരിഹരിക്കുന്നതിന് നോട്ടീസ് നൽകുകയും 10000 രൂപ പിഴയീടാക്കുകയും ചെയ്തു.
കൂടാതെ പ്ലാസ്റ്റിക് കത്തിച്ചതായി ബോധ്യപ്പെട്ട നാലുപേരിൽനിന്നായി 9000 രൂപയും മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചവരിൽനിന്നുമായി 26500 രൂപയും നിരോധിത പ്ലാസ്റ്റിക് മാലിന്യം പിടിച്ചെടുത്ത 18 കടകളിൽനിന്നും 55500 രൂപയും പുകയില വിമുക്ത ബോർഡ് സ്ഥാപിക്കാത്ത മൂന്നു കടകളിൽ നിന്നു് 600 രൂപയും പിഴയിനത്തിൽ ഈടാക്കി.
ഹോട്ടലുകളിലും ചിക്കൻസ്റ്റാളുകളിലും കൂൾബാറുകളിലും പരിശോധന നടത്തി. അപാകത പരിഹരിക്കുന്നതിനും മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്തുന്നതിനും നിർദേശം നൽകി. ലൈസൻസില്ലാതെയോ, മാലിന്യസംസ്കരണ സംവിധാനം സ്ഥാപിക്കാതെയോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ഫൂട്ട്പാത്ത് കൈയേറി കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെയും, ഹരിതകർമ സേനക്ക് യൂസർഫീ നൽകി മാലിന്യം കൈമാറാത്ത വീടുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. നിഷ, എരമംഗലം ഫാമിലി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജീവൻ, ഷാൻസി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.