കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികളെ വലക്കുന്നു. അടിയന്തരമായി ഡോക്ടറെ കാണാൻ എത്തുന്നവർക്ക് ചികിത്സ ലഭിക്കാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്.
ഒരു കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറും ഹൗസ് സർജനുമായി രണ്ടു ഡോക്ടർമാർ മാത്രമാണ് അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടാവുക. തിരക്കു കാരണം ഒരു മണിക്കൂറിൽ അധികം കാത്തിരുന്ന ശേഷമാണ് ഡോക്ടറെ കാണാൻ കഴിയുന്നതെന്ന് രോഗികൾ പറയുന്നു. പലരും കാത്തിരുന്ന് ഡോക്ടറെ കാണിക്കാൻ കഴിയാതെ സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നത് പതിവാണ്.
അപകടത്തിൽപെട്ടും മറ്റും എത്തുന്ന രോഗികൾക്കുവരെ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയുന്നില്ലെന്നാണ് ആക്ഷേപം. രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ കാഷ്വാലിറ്റിയിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുമ്പോഴും ഇതുവരെ നടപടിയായിട്ടില്ല.
ബീച്ച് ആശുപത്രിയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി 400ൽ അധികം രോഗികളാണ് ദിവസവും ചികിത്സ തേടിയെത്തുന്നത്. ഇതിനുപുറമേ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള പൊലീസ് സ്റ്റേഷനുകളിൽ പിടികൂടുന്ന പ്രതികളെ മെഡിക്കൽ പരിശോധനക്ക് കൊണ്ടുവരുന്നതും ഇവിടേക്കാണ്. ഒരു പ്രതിയെ മെഡിക്കൽ പരിശോധന നടത്തി പൊലീസിന് റിപ്പോർട്ട് എഴുതി നൽകുമ്പോഴേക്കും ചുരുങ്ങിയത് അരമണിക്കൂർ കഴിയും.
കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുക. ഈ സമയം ഹൗസ് സർജൻ മാത്രമാണ് കാഷ്വാലിറ്റിയിൽ എത്തുന്ന രോഗികളെ പരിശോധിക്കാനുണ്ടാവുക. ഇത് ഉച്ചക്കുശേഷം തിരക്ക് വർധിക്കാൻ ഇടയാക്കുന്നു. ഒ.പി സമയം അവസാനിക്കുന്നതിനാൽ രോഗികൾക്ക് ഒ.പിയിൽ ചികിത്സ തേടാനും കഴിയില്ല.
10 രൂപ ഒ.പി ടിക്കറ്റും ഇരുചക്ര വാഹനത്തിന് വരെ 10 രൂപ പാർക്കിങ് ഫീസും നൽകി കാത്തിരിക്കുന്ന രോഗികൾ മറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിപ്പോവേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ബുധനാഴ്ചയും വെള്ളിയാഴ്ചയും ഇത്തരത്തിൽ കാത്തിരുന്ന് രോഗികൾ പുറത്ത് ചികിത്സ തേടേണ്ട അവസ്ഥയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.