കോഴിക്കോട്: അനുവദിച്ച നഷ്ടപരിഹാരത്തുകയും ആനുകൂല്യങ്ങളും കർഷകർക്ക് ലഭിക്കാതെ സർക്കാറിലേക്ക് തിരിച്ചയക്കുന്നു. കർഷകരുടേതല്ലാത്ത കാരണങ്ങൾകൊണ്ടുള്ള പിഴവുകൾക്കാണ് മാസങ്ങൾ കഴിഞ്ഞിട്ടും അനുവദിച്ച തുക ലഭിക്കാതെ കർഷകർ വലയുന്നത്. സംസ്ഥാനത്ത് ലക്ഷക്കണക്കിന് രൂപയാണ് അനുവദിച്ചിട്ടും ഇത്തരത്തിൽ കർഷകരുടെ കൈകളിലെത്താതെ തിരിച്ചയച്ചിരിക്കുന്നത്.
കർഷകർക്കുള്ള വളത്തിന്റെ ആനുകൂല്യം, കൃഷി ആരംഭിക്കുന്നതിനും മഴമറക്കും മണ്ണിരകമ്പോസ്റ്റിനുമുള്ള ആനുകൂല്യം, മറ്റു നഷ്ടപരിഹാരം എന്നിവക്കെല്ലാമുള്ള തുകയാണ് ബാങ്ക് അക്കൗണ്ട് നമ്പറിലോ മറ്റോ സംഭവിച്ച തകരാറുകൾ കൊണ്ട് മുടങ്ങിക്കിടക്കുന്നത്. ബാങ്കിൽ തുക എത്തിയിട്ടില്ല എന്നതിനാൽ തങ്ങൾക്ക് പണം അനുവദിച്ചിട്ടില്ല എന്ന ധാരണയിലാണ് പല കർഷകരും. ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്നവേളയിൽ അക്ഷയകേന്ദ്രങ്ങളിൽ നിന്നോ കൃഷി ഓഫിസുകളിൽ നിന്നോ സംഭവിക്കുന്ന നിസ്സാര പിഴവുകൾമൂലമാണ് പണം അക്കൗണ്ടിൽ കയറാതാവുന്നത്.
അനുവദിച്ച തുക 30 ദിവസത്തിനുള്ളിൽ അക്കൗണ്ടുകളിൽ എത്തുന്നില്ലെങ്കിൽ ട്രഷറികളിലേക്ക് തന്നെ തിരിച്ചയക്കും. പണം മടങ്ങിയ വിവരം കർഷകർക്ക് നേരിട്ടറിയാൻ നിർവാഹമില്ല . മാസങ്ങളോ വർഷമോ കഴിഞ്ഞ് കൃഷിവകുപ്പിൽനിന്ന് വീണ്ടും കൃഷി ഓഫിസുകളിലേക്ക് വിവരം അറിയിച്ചെങ്കിൽ മാത്രമേ പിന്നിട് തെറ്റുതിരുത്തിനൽകാൻ കർഷകർക്ക് അവസരം ലഭിക്കുന്നുള്ളു. മാസങ്ങളായി ഇത്തരത്തിൽ തിരിച്ചയക്കപ്പെട്ട തുകയും കർഷകരുെട എണ്ണവും ഏറെയാണെന്ന് ഉന്നത കൃഷി ഉദ്യേഗസ്ഥൻ പറഞ്ഞു. ഓരോ ജില്ലയിലും ലക്ഷങ്ങളാണ് തിരിച്ചുവന്നിരിക്കുന്നത്. പല ജില്ലകളും കണക്കുകൾ കൃത്യമായി എടുത്ത് നടപടികൾ സ്വീകരിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.