ബേപ്പൂർ: കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ ‘സ്വദേശ് ദർശൻ’ പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ ബേപ്പൂരിന്റെ വികസന സ്വപ്നങ്ങൾക്ക് വേഗമേറി. 19 സംസ്ഥാനങ്ങളിലെ 36 വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പദ്ധതിയിൽ ബേപ്പൂരും കോട്ടയം ജില്ലയിലെ കുമരകവും ഇടംപിടിച്ചിട്ടുണ്ട്.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നിർദേശം പരിശോധിച്ചാണ് രണ്ടു സ്ഥലങ്ങളെയും പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയത്. ആഭ്യന്തര വിനോദസഞ്ചാരം വികസിപ്പിക്കുന്നതിന് 2015ലാണ് കേന്ദ്രം ഈ പദ്ധതി ആരംഭിച്ചത്. രണ്ടാംഘട്ടത്തിൽ ദക്ഷിണേന്ത്യയിൽനിന്ന് കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളെയാണ് ഉൾപ്പെടുത്തിയത്.
ചരിത്രപ്രാധാന്യമുള്ളതും പൗരാണികവുമായ തുറമുഖം, ഉരുനിർമാണ മേഖലയിൽ ലോക പ്രശസ്തി, പ്രകൃതിരമണീയമായ കടൽതീരം എന്നിവയാൽ വിനോദസഞ്ചാര മേഖലയിൽ ഏറെ സാധ്യതയുള്ള പ്രദേശമെന്ന നിലയിലാണ് ബേപ്പൂരിനെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
തീരത്തുനിന്നും ഒരു കിലോമീറ്റർ നീളത്തിൽ കടലിലേക്ക് നിർമിച്ച പുലിമുട്ട് നടപ്പാതയിലൂടെയുള്ള മനോഹര കാഴ്ച ആസ്വദിക്കുന്നതിന് ബേപ്പൂരിലേക്ക് നിരവധി സഞ്ചാരികളാണ് എത്തുന്നത്. പതിനായിരങ്ങളെ ആകർഷിച്ച് വിനോദസഞ്ചാര വകുപ്പ് 2021ലും 2022ലും നടത്തിയ ബേപ്പൂർ അന്താരാഷ്ട്ര ജലമേളയും കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്.
മത്സ്യബന്ധന തുറമുഖം, യന്ത്രവത്കൃത ബോട്ടുകളുടെയും പരമ്പരാഗത തോണികളുടെയും സഞ്ചാരം, മറുകരയായ ചാലിയത്തേക്കുള്ള ജങ്കാർ സർവിസ്, ലൈറ്റ് ഹൗസ്, മറീന ജെട്ടി, ഗോതീശ്വരത്തെ സർഫിങ് സ്കൂൾ, ജലസാഹസികത തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ബേപ്പൂരിന് അനുകൂലമായിട്ടുണ്ട്.
ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള സംവിധാനങ്ങൾക്കു പ്രാമുഖ്യം നൽകിയായിരിക്കും കോടികൾ വകയിരുത്തിയുള്ള കേന്ദ്ര പദ്ധതി നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നത് മേഖലയിലെ ജനങ്ങൾക്കു ഗുണകരമാകും. വ്യാപാര-വ്യവസായ-സാമ്പത്തിക രംഗങ്ങളിലും വൻ കുതിപ്പുണ്ടാകും.
ഉരു മ്യൂസിയം, കണ്ടൽ ടൂറിസം, ഹോം സ്റ്റേ സംവിധാനം തുടങ്ങിയ പദ്ധതികളും അനുബന്ധ റോഡുകളുടെ വികസനവും യാഥാർഥ്യമായാൽ ബേപ്പൂർ ഏറെ പ്രശസ്തിയിലേക്ക് ഉയരും. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് അന്തിമ തീരുമാനത്തിന് ഡി.പി.ആർ തയാറാക്കി കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിനു സമർപ്പിക്കേണ്ടതുണ്ട്. കേരള വിനോദസഞ്ചാര വികസന കോർപറേഷന്റെ ആസൂത്രണ വിഭാഗത്തിന്റെ നിർദേശങ്ങൾകൂടി പരിഗണിച്ചാകും ഡി.പി.ആർ തയാറാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.