ബേപ്പൂർ ഹാർബറിന് സമീപം പുഴയിൽ നങ്കൂരമിട്ട യന്ത്രവത്കൃത ബോട്ട്

ഇന്ധനവില കൂടി, മത്സ്യലഭ്യത കുറഞ്ഞു; കടലിൽപോകാതെ ബോട്ടുകൾ

ബേപ്പൂർ: ഡീസൽ വിലയിൽ പിടിച്ചുനിൽക്കാനാവാതെ മത്സ്യബന്ധനം മതിയാക്കി യന്ത്രവത്കൃത ബോട്ടുകൾ. ഇന്ധനവില തുടരെ വർധിക്കുകയും മത്സ്യലഭ്യത അടിക്കടി കുറയുകയും ചെയ്തതോടെ നിരവധി ബോട്ടുടമകളും തൊഴിലാളികളുമാണ് കടക്കെണിയിലായത്. കടലിൽനിന്നുകിട്ടുന്നത് കടലിൽതന്നെ കത്തിത്തീരുന്ന സ്ഥിതിയായെന്ന് ഇവർ പറയുന്നത്. ഇതോടെ ബോട്ടുകൾ അന്തർസംസ്ഥാനക്കാർക്ക് കിട്ടുന്ന വിലക്ക് വിറ്റൊഴിവാക്കി പലരും ഈ രംഗം ഒഴിയുകയുമാണ്. ആക്രി വിലക്ക് പൊളിക്കാൻ കൊടുത്ത്, കിട്ടിയ കാശുമായി കളമൊഴിയുന്നവരും ഏറെയാണ്.

ബേപ്പൂർ, നീണ്ടകര, മുനമ്പം, പൊന്നാനി, പുതിയാപ്പ, കൊയിലാണ്ടി തുടങ്ങി സംസ്ഥാനത്തെ ചെറുതും വലുതുമായ ഹാർബറുകൾ കേന്ദ്രീകരിച്ച് നാലായിരത്തോളം യന്ത്രവത്കൃത ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നുണ്ടെന്നാണ് കണക്ക്. ഡീസലി‍െൻറ അമിതവില കാരണം ഇവയിൽ പകുതിയിലേറെയും മത്സ്യബന്ധനം താൽക്കാലികമായി നിർത്തി. ഇതോടെ അനുബന്ധ മേഖലകളായ ഐസ് ഫാക്ടറികൾ, സ്പെയർപാർട്സ് കടകൾ, വലപ്പണിക്കാർ, മത്സ്യം കയറ്റി പോകുന്ന വാഹനങ്ങൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയവരുടെ ജീവിതവും പ്രയാസത്തിലാണ്.

ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്ന് തീരക്കടൽ-ആഴക്കടൽ മീൻപിടിത്തത്തിനായി പോയിരുന്ന എണ്ണൂറിലധികം യന്ത്രവത്കൃത ബോട്ടുകളിൽ, നൂറ്റമ്പതോളം ബോട്ടുകൾ മാത്രമാണ് ഇപ്പോൾ കടലിൽ പോകുന്നത്. മത്സ്യബന്ധനത്തിന് കടലിൽ പോകാൻ ഇടത്തരം ബോട്ടുകൾക്ക് 1,000 ലിറ്ററും വലിയ ബോട്ടുകൾക്ക് 3,000 ലിറ്ററും ഡീസൽ വേണം.

ഇതര സംസ്ഥാനങ്ങളിൽ മത്സ്യബന്ധന മേഖലക്ക് ഇന്ധന സബ്സിഡി നൽകുന്ന പോലെ കേരളത്തിലും സബ്സിഡി അനുവദിക്കുക, മീൻപിടിത്ത യാനങ്ങളുടെ ഇന്ധനത്തിന് സർക്കാർ ചുമത്തുന്ന 'റോഡ് സെസ്' ഒഴിവാക്കുക, തീരദേശ മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തീരദേശ ഹർത്താൽ അടക്കമുള്ള സമരപരിപാടികൾ ആരംഭിക്കാൻ സംസ്ഥാനത്തെ മത്സ്യമേഖല സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചതായി ഓൾ കേരള ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് കരിച്ചാലി പ്രേമൻ പറഞ്ഞു.


Tags:    
News Summary - Rising fuel prices hit fishing industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.