കോഴിക്കോട്: പ്രൈം വോളിയുടെ പ്രഥമ സീസണിൽ പങ്കെടുക്കാൻ ടീം കാലിക്കറ്റ് ഹീറോസ് ബുധനാഴ്ച ഹൈദരാബാദിലേക്ക് യാത്ര തിരിക്കും. കഴിഞ്ഞ തവണ പ്രൊ വോളിയിൽ നഷ്ട്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാൻ കുറച്ചു ദിവസങ്ങളായി ദേവഗിരി സെന്റ് ജോസഫ്സ് ഇൻഡോർ സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ താരവും പരിശീലകനുമായ കിഷോർ കുമാറിന്റെ നേതൃത്വത്തിൽ കഠിന പരിശീലനത്തിലായിരുന്നു ടീം.
സീനിയർ ഇന്ത്യൻ താരം ജെറോം വിനീതാണ് ടീം നായകൻ. മറ്റൊരു സീനിയർ ഇന്ത്യൻ താരവും കഴിഞ്ഞ പ്രൊ വോളിയിലെ ഏറ്റവും മികച്ച താരവുമായിരുന്ന അജിത് ലാൽ ഉണ്ട്. അമേരിക്കൻ താരവും ഒളിമ്പിക്സ് ഗോൾഡ് മെഡൽ ജേതാവുമായ ഡേവിഡ് ലീയും ഫ്രഞ്ച് താരം ആരോൺ കൗബിയുമാണ് കാലിക്കറ്റ് ഹീറോസിന്റെ വിദേശ താരങ്ങൾ. ഇരുവരും ഹൈദരാബാദിൽ ടീമിനൊപ്പം ചേരും. സഹ പരിശീലകനായി കോഴിക്കോട്ടുകാരൻ തന്നെയായ നജീബ് സി.വിയും ഫിസിയോ ആയി ഫിഫ സർട്ടിഫൈഡ് സജേഷും ജൂനിയർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ട്രെയ്നറായി സേവനം ചെയ്ത ഡോ. സാൻഡി നായരുമുണ്ട്.
യുവത്വവും പരിചയസമ്പത്തുമുള്ള ടീം എല്ലാ മേഖലയിലും കരുത്തരാണ്. കോഴിക്കോട് നിന്ന് നേടിയ പരിശീലനം ഇത്തവണ ടീമിന് ഗുണം ചെയ്തുവെന്നും ഹൈദരാബാദിൽ എത്തിയ ശേഷമുള്ള പരിശീലനങ്ങൾ ടീമിന് കൂടുതൽ ഒത്തിണക്കം നൽകുമെന്നും കാലിക്കറ്റ് ഹീറോസ് ഉടമ സഫീർ ബീക്കൺ പറഞ്ഞു. അഞ്ചു മുതൽ ഹൈദരാബാദ് ഗച്ചി ബൗളി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ, കാലിക്കറ്റ് ഹീറോസിന്റെ ആദ്യ മത്സരം ഫെബ്രുവരി എഴിന് കൊൽക്കത്തയുമായിട്ടാണ്. ഷൈജു ദാമോദരന്റെ മലയാളം കമന്ററിയോടെ സോണിയുടെ എല്ലാ നെറ്റ് വർക്കുകളിലും മത്സരങ്ങൾ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.