ദുർഗന്ധ കനാൽ ... കനോലി കനാലിലെ വെള്ളം കറുത്തിരുണ്ട് കെട്ടിക്കിടക്കുന്നു. ഫോട്ടോ ബിമൽ തമ്പി
കോഴിക്കോട്: വേനൽ കടുത്തതോടെ നീരൊഴുക്ക് പൂർണമായും നിലച്ച കനോലി കനാലിൽനിന്ന് അസഹ്യമായ ദുർഗന്ധം പരക്കുന്നു. കാരപ്പറമ്പ്, എരഞ്ഞിപ്പാലം, സരോവരം, അരയിടത്തുപാലം ഭാഗങ്ങളിലാണ് കനാലിലെ ഒഴുക്ക് പൂർണമായും തടസ്സപ്പെട്ട് സമീപവാസികൾക്ക് ദുരിതമാകുന്ന തരത്തിൽ ദുർഗന്ധം പരക്കാൻ തുടങ്ങിയത്. സായാഹ്നങ്ങൾ ചെലവഴിക്കാൻ സരോവരം ബയോ പാർക്കിലെത്തുന്നവരും കനാലിനോട് ചേർന്നുള്ള വിവിധ സ്ഥാപനങ്ങളിലുള്ളവരും ദുർഗന്ധത്താൽ ബുദ്ധിമുട്ടുകയാണ്.
കനാലിന്റെ പലഭാഗത്തും വെള്ളം കുറഞ്ഞതോടെ മൺതിട്ടകളും അടിഞ്ഞുകൂടിയ മാലിന്യവും ഉയർന്നുകാണാൻ തുടങ്ങിയിട്ടുമുണ്ട്. കനാലിൽ തഴച്ചുവളർന്നിരുന്ന പായലുകളും പലഭാഗത്തും കരിഞ്ഞുണങ്ങി. കറുത്തിരുണ്ട നിറമാണിപ്പോൾ വെള്ളത്തിന്. ദിവസങ്ങളായി വെള്ളം നിശ്ചലമായി കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ പലഭാഗത്തും കൊതുകുകൾ പെരുകാനും തുടങ്ങിയിട്ടുണ്ട്. കനോലി കനാൽ കല്ലായി പുഴയോട് ചേരുന്ന ഭാഗത്തടക്കം വലിയ മണൽ തിട്ടകൾ രൂപപ്പെട്ടതിനാൽ ഈ ഭാഗത്തും ഒഴുക്കില്ല.
കനോലി കനാൽ ശുചീകരണത്തിന് നേരത്തെ പലതവണ കോർപറേഷന്റെയും ജില്ല ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ വലിയ കാമ്പയിനുകൾ നടത്തിയിരുന്നുവെങ്കിലും ഒന്നും പൂർണതയിൽ എത്തിയിരുന്നില്ല. അവസാനമായി കനോലി കനാലിനെ വികസിപ്പിച്ച് ടൂറിസം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയുള്ള കനാൽ സിറ്റി പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.