യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്; 'തടവറ'യൊരുക്കിയ താമരശ്ശേരി സ്വദേശിയെ തേടി പൊലീസ്

കോഴിക്കോട്: സ്വർണ കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ അഞ്ചാമനായി ഊർജിതാന്വേഷണം. താമരശ്ശേരി സ്വദേശിയെയാണ് പൊലീസ് തിരയുന്നത്. മറ്റു പ്രതികൾ പിടിയിലായതോടെ ഇയാൾ ഒളിവിൽപോയതായാണ് സൂചന.

തട്ടിക്കൊണ്ടുപോയ യുവാക്കളെ തടവിൽ താമസിപ്പിച്ച ഈങ്ങാപ്പുഴക്കടുത്തുള്ള രഹസ്യകേന്ദ്രമടക്കം ഒരുക്കിനൽകിയത് ഇയാളാണ്. മാത്രമല്ല, തട്ടിക്കൊണ്ടുപോകുന്നതിന് ഉപയോഗിച്ച മൂന്നു കാറുകളിൽ ഒന്ന് ഏർപ്പാടാക്കിയതും ഇയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ കാറും പിടിച്ചെടുക്കും.

കേസിൽ മലപ്പുറം തയ്യിലക്കടവ് സ്വദേശികളായ മുഹമ്മദ് സമീർ (31), ജയരാജൻ (51), റഊഫ് (30), കോഴിക്കോട് കടലുണ്ടി സ്വദേശി രതീഷ് (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടാളിയാണ് ഒളിവിലുള്ള താമരശ്ശേരി സ്വദേശി. തട്ടിക്കൊണ്ടുപോകലിന്‍റെ ആസൂത്രണത്തിലടക്കം ഇയാൾക്ക് പങ്കുണ്ടായിരുന്നു.

ബംഗളൂരുവിലെ മജസ്റ്റിക്കിനു സമീപമുള്ള ലോഡ്ജിൽനിന്ന് പിടിയിലായ സംഘത്തിൽനിന്നും കുറ്റകൃത്യത്തിനുപയോഗിച്ച രണ്ടു കാറുകൾ നേരത്തേ പിടിച്ചെടുത്തിട്ടുണ്ട്.

മേയ് 27ന് ദുബൈയിൽനിന്ന് ഒരു കിലോ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വയനാട് പടിഞ്ഞാറത്തറ സ്വദേശി അബ്ദുൽ നിസാർ ഉടമസ്ഥർക്ക് സ്വർണം നൽകാതെ മുങ്ങിയിരുന്നു. ഇതോടെ, നിസാറിനെ സ്വർണക്കടത്ത് സംഘത്തിന് പരിചയപ്പെടുത്തിയ പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷഹീറിനെയും മായനാട് സ്വദേശി ഫാസിലിനെയും ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി. ഇവരുടെ വീട്ടുകാരോട് സ്വർണമോ അല്ലെങ്കിൽ അതിനു തുല്യമായ പണമോ തന്നില്ലെങ്കിൽ രണ്ടുപേരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് കുടുംബം പരാതി നൽകിയത്.

പൊലീസ് പിന്നിലുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ തട്ടിക്കൊണ്ടുപോയവരെ ആദ്യം മൈസൂരുവിലേക്കും തുടർന്ന് ബംഗളൂരുവിലേക്കും കടക്കുകയായിരുന്നു. ഇവിടെവെച്ചാണ് മെഡിക്കൽ കോളജ് പൊലീസ് പ്രതികളെ പിടികൂടിയത്.

അതേസമയം, തന്നെ പരിചയപ്പെടുത്തിയവരെ തട്ടിക്കൊണ്ടുപോയെന്നറിഞ്ഞതോടെ സ്വർണം കടത്തിയ അബ്ദുൽ നിസാർ ബംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്കു കടന്നതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. 

Tags:    
News Summary - Case of kidnapping youths Police search for Thamarassery resident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.