കോഴിക്കോട്: വീണ്ടും ജില്ല സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ അറസ്റ്റിലായ പി.എൻ.ബി മുൻ സീനിയർ മാനേജർ എം.പി. റിജിലിനെതിരെ സി.ബി.ഐ അന്വേഷണത്തിന് സാധ്യത. പ്രതിയെ പിടികൂടുകയും പണം കിട്ടുകയും ചെയ്തെങ്കിലും വൻ തുക നഷ്ടപ്പെടാനിടയായ കുറ്റത്തിൽനിന്ന് കോർപറേഷന് ഒഴിഞ്ഞുമാറാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു.
98 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്നുള്ള കേസിലാണ് ഇപ്പോൾ നടപടി. അന്വേഷണത്തിൽ കോടികൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനാൽ സി.ബി.ഐ പോലുള്ള ഏജൻസികൾ അന്വേഷിക്കണമെന്ന് വ്യവസ്ഥയുണ്ട്. ബാങ്ക് തട്ടിപ്പ് കണ്ടെത്തി 16 ദിവസം കഴിഞ്ഞപ്പോഴാണ് പ്രതിയെ ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നവംബർ 29നാണ് സംഭവം സംബന്ധിച്ച് പൊലീസിൽ ബാങ്ക് മാനേജർ പരാതി നൽകിയത്. അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ട 10,07,47,231 രൂപ കോർപറേഷന് ബുധനാഴ്ച തിരിച്ചുകിട്ടി.
ഇത് കൂടാതെ 2,53,59,556 രൂപ പ്രതിയെ പിടികൂടിയ അന്നുതന്നെ തിരികെ കിട്ടിയിരുന്നു. 24 മണിക്കൂറിനുള്ളിൽ മൊത്തം പിൻവലിച്ചതായി കണ്ടെത്തിയ രൂപയും പലിശ വിവിധ ഘട്ടങ്ങളിൽ പിൻവലിച്ച തീയതിവെച്ച് നൽകണമെന്ന് കാണിച്ച് കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു. 8,49,7 4,1,67 രൂപ, 43,89,606 രൂപ, 65,42,729 രൂപ, 34,90,115 രൂപ, 13,50,614 രൂപ എന്നിങ്ങനെ മൊത്തം അഞ്ച് അക്കൗണ്ടുകളിൽനിന്ന് അനധികൃതമായി പിൻവലിച്ചതായാണ് കണ്ടെത്തിയത്. ബാങ്കിന്റെ ഉന്നതതല യോഗത്തിന് ശേഷമാണ് പണം കിട്ടിയത്. തിരിമറി നടത്തിയ സാഹചര്യത്തിൽ നഗരസഭയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും വിശദമായി പരിശോധിക്കാനുള്ള നടപടികൾ കോർപറേഷൻ ആരംഭിച്ചുകഴിഞ്ഞു. സ്വകാര്യ ഏജൻസിയെക്കൊണ്ട് പരിശോധന നടത്താൻ അനുമതി തേടി കോർപറേഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർക്ക് കത്തയച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.