കോഴിക്കോട്: വിദ്യാർഥികളിലെ ലഹരി ഉപയോഗം രക്ഷിതാക്കളുടെയും കുടുംബത്തിന്റെയും ഉറക്കം കെടുത്തുമ്പോൾതന്നെ കുട്ടികളെ കാണാതാവുന്ന സംഭവങ്ങളുടെ കണക്ക് പൊലീസിനെയും ഞെട്ടിക്കുന്നു. ജില്ലയിൽ ഒരു വർഷത്തിനിടെ കാണാതായത് 104 കുട്ടികളെ. പൊലീസിന്റെ അത്യുത്സാഹംകൊണ്ടും കാര്യക്ഷമതകൊണ്ടും മാത്രമാണ് ഒരു കുട്ടിക്കുപോലും ജീവഹാനി സംഭവിക്കാതെ കണ്ടെത്താൻ കഴിഞ്ഞത്.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടികളെ തട്ടിയെടുക്കുന്ന സംഘത്തിന്റെയും മറ്റ് അനാശാസ്യ സംഘത്തിന്റെയും കെണിയിൽപെടാതെയാണ് പൊലീസ് കുട്ടികളെ രക്ഷിച്ചെടുത്തത്. 30 ശതമാനം കുട്ടികളെയും കണ്ടെടുത്തത് മറ്റു സംസ്ഥാനങ്ങളിൽനിന്നാണെന്നത് കുട്ടികൾക്ക് സംഭവിക്കാവുന്ന അപകടസാധ്യതയുടെ ആശങ്ക അടയാളപ്പെടുത്തുന്നു. നാലാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികളുടെ കണക്ക് മാത്രമാണിത്.
ഒറ്റക്കും സംഘവുമായാണ് കുട്ടികളിൽ പലരും വീടുവിട്ടിറങ്ങുന്നത്. കൈയിൽ പണം കരുതി വീടുവിടുന്ന കുട്ടികളെ കണ്ടെത്തുന്നത് പൊലീസിന് ഏറെ ശ്രമകരമാണ്. കാണാതായ വിവരം കൃത്യസമയത്തുതന്നെ അറിഞ്ഞതിനാൽ ദീർഘദൂര യാത്രക്ക് ടിക്കറ്റെടുത്ത് യാത്രചെയ്യവേ അതിർത്തി കടക്കുന്നതിനു മുമ്പുതന്നെ റെയിൽവേ പൊലീസിന്റെ സഹായത്തോടെ ട്രെയിനിൽനിന്ന് കുട്ടികളെ പൊലീസ് കണ്ടെത്തിയ സംഭവങ്ങളും ഏറെയാണ്.
ഒരുകാലത്ത് ആൺകുട്ടികൾ മാത്രമായിരുന്നു വീടുവിട്ടിറങ്ങുന്നതെങ്കിൽ ഇപ്പോൾ പെൺകുട്ടികളുടെ എണ്ണവും കൂടുകയാണ്. കുട്ടികളെ കാണാതാവുന്ന ‘സുവർണ മണിക്കൂർ’ എന്നറിയപ്പെടുന്ന ആദ്യ ഒരു മണിക്കൂറിൽതന്നെ പൊലീസിന് വിവരം നൽകുന്നതാണ് കുട്ടികളെ കണ്ടെത്താൻ ഏറെ സഹായകമാകുന്നത്. കുട്ടി തിരിച്ചെത്തുമെന്ന് കരുതി സ്വന്തം നിലക്ക് ചെറിയ അന്വേഷണം നടത്തുകയും അധികൃതരെ അറിയിക്കാതിരിക്കുന്നതുമാണ് ഏറെ സങ്കീർണത സൃഷ്ടിക്കുന്നതെന്ന് പൊലീസ് പറയുന്നു.
കൂടുതൽ പഠിക്കാനും മാർക്ക് നേടാനുമുള്ള സമ്മർദവും പീഡനവും സാമ്പത്തിക പ്രയാസങ്ങളും കുടുംബഛിദ്രതയും പ്രണയൈനരാശ്യവുമെല്ലാമാണ് കുട്ടികൾ പറയാതെ വീടുവിടുന്നതിന് പ്രധാനകാരണമായി പൊലീസ് രേഖപ്പെടുത്തിവെച്ചത്. കുട്ടികളിലെ വാശിയും വീടുവിടുന്നതിന് കാരണമാകുന്നു. രക്ഷിതാക്കളോടുള്ള പ്രതികാരം തീർക്കാൻ വീട്ടിൽനിന്ന് മാറി ആൾശ്രദ്ധയില്ലാത്ത സ്ഥലങ്ങളിൽ തനിച്ച് പകലും രാത്രിയും കഴിഞ്ഞ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
കാണാതായ പരാതി കിട്ടിയാൽ സ്വാഭാവികമായും പൊലീസിന് കേസ് രജിസ്റ്റർ ചെയ്യേണ്ടി വരും. കുട്ടികൾ അമിതമായി അനുഭവിക്കുന്ന സമ്മർദം പ്രധാന ഘടകമാണ്. അമിത സമ്മർദമുണ്ടാക്കുന്ന ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള പല വിദ്യാഭ്യാസ കേന്ദ്രങ്ങളും കുട്ടികൾക്ക് ചേർന്നതല്ല. വ്യക്തമായ ധാരണയില്ലാത്ത പ്രണയബന്ധങ്ങളും വീട്ടിലെ സാഹചര്യങ്ങളും വില്ലനായി മാറുകയാണ്.
സഹപാഠികളുടെ പ്രേരണയും പുതിയ ലോകം കാണാനുള്ള തിടുക്കവും വീടുവിടുന്നതിന് കാരണമാകുന്നുണ്ട്. ലഹരി ഉപയോഗവും സുഖകരമായി ജീവിക്കാനുള്ള മോഹവും എടുത്തുചാട്ടത്തിന് കാരണമാകുന്നു. കുട്ടികളുമായി നിരന്തരം ആശയവിനിമയം നടത്തുക, സ്കൂളുകളിലെ അമിതമായ പഠനപ്രവർത്തനങ്ങളെക്കുറിച്ച് അധ്യാപകരെ ബോധ്യപ്പെടുത്തുക, കുട്ടികളെ അമിതമായി സമ്മർദത്തിലാക്കാതിരിക്കുക, കടുത്തശിക്ഷകൾ ഒഴിവാക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.