കോഴിക്കോട്: നഗരത്തിന്റെ ചരിത്രമുറങ്ങുന്ന നീരുറവയായ കനോലി കനാൽ ഒരിടവേളക്കുശേഷം വീണ്ടും വൃത്തികേടാകുന്നു. സംസ്ഥാന സർക്കാറിന്റെയും കോർപറേഷന്റെയും ലക്ഷക്കണക്കിന് രൂപ വെള്ളത്തിലാക്കിയുള്ള കനോലി കനാൽ വൃത്തിയാക്കൽ മാമാങ്കം വർഷംതോറും നടക്കുന്നതാണ്. എന്നാൽ, ശാശ്വതമായ പരിഹാരം കാണാനാകാതെ വൻ തുകയാണ് ഓരോ വർഷവും വെള്ളത്തിലാകുന്നത്. കാരപ്പറമ്പ് മുതൽ സരോവരം വരെ കളനിറഞ്ഞ് പച്ചപുതച്ചുനിൽക്കുകയാണ് കനാൽ. ബോട്ട് വരെ ഓടിക്കണമെന്ന് അധികൃതർ സ്വപ്നം കണ്ട ജലപാതയാണ് കള നിറഞ്ഞ് ഒഴുക്ക് നിലച്ചത്. കഴിഞ്ഞ ജൂലൈയിൽ 12 ലക്ഷത്തോളം രൂപ മുടക്കിയാണ് കളകൾ നീക്കംചെയ്തത്. മെയ്ത്ര ആശുപത്രിക്ക് സമീപം മുടപ്പാട് പാലം മുതൽ മിനി ബൈപാസിലെ സരോവരം കളിപ്പൊയ്കക്ക് സമീപം വരെയാണ് വൃത്തിയാക്കിയത്. മാസങ്ങൾക്ക് ശേഷം കളകൾ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു. എളുപ്പത്തിൽ വളരുന്ന ഒരുതരം കുളവാഴയാണ് കനാലിൽ പടരുന്നത്.
രണ്ട് വർഷം മുമ്പ് ഉൾനാടൻ ജലഗതാഗത പദ്ധതിയിൽപെടുത്തി കളയും പായലും ചളിയും കോരിയിരുന്നു. വൃത്തിയാക്കിയ കനാലിലൂടെ ബോട്ടും ഓടിച്ചുനോക്കിയിരുന്നു. എന്നാൽ, പായലിന്റെ വിത്തുകൾ കനാലിന്റെ അടിയിൽ കിടക്കുന്നതിനാൽ വീണ്ടും നിറയുന്ന അവസ്ഥയാണ്. വർഷംതോറും ലക്ഷങ്ങൾ ചെലവാക്കി പായൽ കോരുന്നതിൽ ഒരു കാര്യവുമില്ലെന്നാണ് കനാലിന് അരികിൽ താമസിക്കുന്നവരുടെ അഭിപ്രായം. കനാൽ ആഴം കൂട്ടാൻ ജലവിഭവ വകുപ്പിന് ഏഴരക്കോടി രൂപ കോർപറേഷൻ കൈമാറിയിരുന്നു. എന്നാൽ, പ്രവൃത്തികൾ കാര്യമായി മുന്നോട്ടുനീങ്ങിയിരുന്നില്ല. 1118 കോടി രൂപയാണ് കനാൽ സിറ്റിയായി കോഴിക്കോടിനെ മാറ്റാൻ സംസ്ഥാനസർക്കാർ അടുത്തിടെ അനുവദിച്ചത്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിതെന്നാണ് സർക്കാറിന്റെ അവകാശവാദം. കല്ലായി മുതൽ എരഞ്ഞിക്കൽ വരെ 11.2 കിലോമീറ്ററിലാണ് കനോലി കനാൽ വികസനം. ഈ പദ്ധതിക്കെതിരെ കാരപ്പറമ്പിലും എരഞ്ഞിപ്പാലത്തും പ്രതിഷേധങ്ങളുയർന്നിട്ടുണ്ട്. മലിനജലം കനാലിലേക്ക് ഒഴുക്കുന്നതിനെതിരെ കോർപറേഷൻ നേരത്തേ കർശനമായി ഇടപെട്ടിരുന്നു. ഇത്തരം സ്ഥാപനങ്ങളുടെ പേരുകൾ പരസ്യപ്പെടുത്തുകയും ചെയ്തു. മലിനജലം ഒഴുക്കാനുള്ള പൈപ്പുകൾ നീളുന്നത് കനാലിലേക്കാണ്.
കനാലിനോട് ചേർന്നാണ് ചിലയിടങ്ങളിൽ ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നത്. കനാലിന്റെ ഓരോഭാഗവും സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും പരിപാലനത്തിനായി ഏറ്റെടുത്തിരുന്നു. ഓരോ പ്രദേശത്തും ഓരോ 'ഹരിതകേന്ദ്രം' സ്ഥാപിക്കാനും ഹരിത ഗാർഡിനെ നിയമിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, എല്ലാം പ്രഖ്യാപനത്തിലൊതുങ്ങി.
ഒന്നാം ഘട്ട ലോക്ഡൗൺ കാലത്ത് മാലിന്യം കുറഞ്ഞതിനാൽ കനാലിലെ വെള്ളം തെളിനീരായി മാറിയിരുന്നു. വെള്ളത്തിന്റെ പി.എച്ച് മൂല്യവും ഓക്സിജന്റെ അളവും കൂടി. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കുറഞ്ഞതായി സി.ഡബ്ല്യൂ.ആർ.ഡി.എമ്മിന്റെ പഠനത്തിൽ തെളിഞ്ഞിരുന്നു. നിലവിൽ മാലിന്യങ്ങളടക്കം നിറഞ്ഞ അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.