കോഴിക്കോട്: കടുത്ത വേനലില്‍ നാടും നഗരവും വെന്തുരുകുകയാണ്. ഇതിനൊപ്പം എയര്‍ കണ്ടീഷനറുകളുടെയും എയര്‍ കൂളറുകളുടെയും വില്പനയും കുതിച്ചുയരുകയാണ്. വില കേട്ടാല്‍ വിയര്‍ക്കുമെങ്കിലും എ.സിയുടെ ഉപയോഗം നാട്ടിന്‍പുറങ്ങളില്‍പോലും വര്‍ധിച്ചുവരുന്നു.
കഴിഞ്ഞ സീസണെ അപേക്ഷിച്ച് 30-40 ശതമാനം അധിക വിൽപനയാണ് ഇത്തവണ പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിൽ കൂടുതൽ വിൽപനയുണ്ടെന്ന് കമ്പനി അധികൃതർതന്നെ സമ്മതിക്കുന്നു. പലതരം ഓഫറുകളുമായി വിവിധ കമ്പനികളും വിതരണക്കാരും മത്സരിക്കുമ്പോഴും എ.സികൾ വേണ്ടത്ര ലഭ്യമല്ലെന്നാണ് ഗൃഹോപകരണ കടക്കാരുടെ പരാതി.
ഒരു ടണ്‍ ത്രീസ്റ്റാര്‍ എ.സിയാണ് അടുത്ത കാലംവരെ പ്രധാനമായും വിറ്റുപോയിരുന്നത്. എന്നാല്‍ ഈ സീസണില്‍ 1.5 ടണ്‍ എ.സികളാണ് കൂടുതലായി വിറ്റുപോകുന്നത്. പെട്ടെന്ന് തണുക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ആവശ്യത്തിന് തണുപ്പായാല് ഓഫ് ചെയ്യാമെന്നതും അനുകൂലഘടകമാണ്. അങ്ങനെ ചെയ്യുമ്പോള്‍ വൈദ്യുതി ചെലവ് വളരെയധികം വർധിക്കില്ലെന്നാണ് കമ്പനികൾ നൽകുന്ന വാഗ്ദാനം.
ഓട്ടോ ക്ലീന്‍ ഫങ്ഷന് എ.സികളും ആന്റി ബാക്ടീരിയ ഫില്‍റ്റര്‍ എ.സികളും വിപണിയിലുണ്ട്. വില്‍ക്കുന്ന എ.സികളില്‍ 95 ശതമാനത്തിലേറെ ഇന്‍വര്‍ട്ടര്‍ എ.സികളാണ്. കൂടുതല്‍ ഊർജക്ഷമതയുള്ളതും വാറന്റി ഉള്ളതുമാണ് ആളുകള്‍ ഇതിലേക്ക് തിരിയാന്‍ കാരണം. എ.സിയുടെ കാറ്റ് നേരിട്ട് ശരീരത്തില്‍ അടിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നവര്‍ക്ക് വിന്‍ഡ് ഫ്രീ മോഡലും കിട്ടാനുണ്ട്.
രാജ്യത്ത് ഒരു വർഷം ശരാശരി 50 ലക്ഷം എ.സി.കൾ വിൽക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ മൂന്നര ലക്ഷം എ.സി.കൾ കേരളത്തിലാണ് വിൽക്കുന്നതെന്ന് ഗൃഹോപകരണ കമ്പനികൾ പറയുന്നു. വിതരണക്കാര്‍ എ.സി വാങ്ങുന്നതിന് വായ്പാസൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ചെറിയ സംഖ്യ അടച്ച് എ.സി വാങ്ങാം. തവണകളായി പണമടച്ചാല്‍ മതി.
ഇത്തരം ഓഫറുകള്‍ പല ഏജന്‍സികളും മുന്നോട്ടുവെക്കുന്നുണ്ട്. ലോയ്ഡ്, വോള്‍ട്ടാസ്, ഗോദ്റജ്, ബ്ലൂസ്റ്റാര്‍, ഐ.എഫ്.ബി തുടങ്ങിയ കമ്പനികളാണ് വിപണിയില്‍ സജീവം. എ.സി.ക്കു പുറമെ ഫാന്‍, കൂളര്‍ എന്നിവയുടെ വില്പനയും വര്‍ധിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ഫാനുകള്‍ 2,500 രൂപ മുതല്‍ ലഭ്യമാണ്. കൂളറുകള്‍ ശരാശരി 5,000 രൂപ മുതൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.