കോഴിക്കോട്: കോർപറേഷന്റെ 2022-23 വർഷത്തേക്കുള്ള 171 കോടി രൂപയുടെ വാർഷിക പദ്ധതികൾക്ക് മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം അംഗീകാരം നൽകി. വാർഡുകൾക്കും മറ്റുമുള്ള പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചുവെന്നാരോപിച്ച് പ്രതിഷേധിച്ച് ഇറങ്ങിപ്പോയ യു.ഡി.എഫ് അംഗങ്ങളുടെ അഭാവത്തിലാണ് പദ്ധതി അംഗീകരിച്ചത്.
ബി.ജെ.പി അംഗങ്ങൾ പിന്തുണച്ചുവെങ്കിലും കോർപറേഷൻ കെട്ടിട നമ്പർ തട്ടിപ്പിൽ പ്രതിഷേധിച്ച് കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്ലക്കാർഡുകൾ പിടിച്ചാണ് യോഗത്തിൽ പങ്കെടുത്തത്. 19ന് ചേരുന്ന ജില്ല ആസൂത്രണ സമിതി യോഗത്തിൽ പദ്ധതി സമർപ്പിക്കും. മൊത്തം 86 കോടി വികസന മേഖലക്ക് വകയിരുത്തിയിട്ടുണ്ട്. 45.56 കോടിയാണ് അറ്റകുറ്റപ്പണി ഫണ്ട്. ലോകബാങ്കിന്റെ സഹായമായ ഏഴ് കോടിയും വെൽനസ് ഫണ്ട് ആറ് കോടിയും വിവിധ പദ്ധതികൾക്കായി വകയിരുത്തി. ധനകാര്യ കമീഷന്റെ 27 കോടിയുടെ ഗ്രാൻഡും പദ്ധതിയിൽ ഉൾപ്പെടും. വികസന സ്ഥിരം സമിതി അധ്യക്ഷന്റെ ചുമതലയുള്ള പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രാജനാണ് വാർഷിക പദ്ധതി അവതരിപ്പിച്ചത്.
പ്ലാൻ ഫണ്ടിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 കോടിയുടെ കുറവ് ചൂണ്ടിക്കാണിച്ചായിരുന്നു യു.ഡി.എഫ് പ്രതിഷേധം. 75.69 കോടിയാണ് പ്ലാൻ ഫണ്ട്. ചർച്ചയുടെ അവസാനം ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് സംസാരിക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഇറങ്ങിപ്പോയത്. സമാന്തര മാഫിയ ഭരണത്തിൽ നിന്ന് കോർപറേഷനെ മോചിപ്പിക്കുക, കൗൺസിലർമാർക്കെതിരായ കള്ളക്കേസ് പിൻവലിക്കുക തുടങ്ങിയ പ്ലക്കാർഡ് ഉയർത്തിയാണ് ബി.ജെ.പി പ്രതിഷേധിച്ചത്.
നഗരത്തിൽ 171 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം
കഴിഞ്ഞ കൗൺസിലിലെ സംഘർഷത്തിൽ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസെടുത്തതിനെതിരെയും പ്രതിഷേധം ഉയർന്നു. മേയർ കള്ളപ്പരാതി കൊടുത്തതിന്റെയടിസ്ഥാനത്തിലാണ് ഒമ്പത് കൗൺസിലർമാർക്കെതിരെ കേസെടുത്തതെന്ന് എം.സി. സുധാമണി പറഞ്ഞു. എന്നാൽ, രണ്ട് ബി.ജെ.പി കൗൺസിലർമാർക്ക് എതിരെയാണ് താൻ പരാതിപ്പെട്ടതെന്ന് മേയർ പറഞ്ഞപ്പോൾ പിന്നെയെങ്ങനെ ജാമ്യമില്ലാകുറ്റത്തിന് തങ്ങൾക്കെതിരെ കേസെടുത്തതെന്നായിരുന്നു എസ്.കെ. അബൂബക്കറിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് അംഗങ്ങളുടെ ചോദ്യം.
'നഗരത്തിന്റെ മൊത്തം വികസനം മുന്നിൽ കാണണം'
നഗരത്തെ പൊതുവായി കാണാതെ തങ്ങളുടെ വാർഡുകളിലെ വികസനം എന്ന വികാരത്തിലേക്ക് കൗൺസിലർമാർ ചുരുങ്ങരുതെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ചർച്ചകൾക്കുള്ള മറുപടി പ്രസംഗത്തിൽ പറഞ്ഞു. വാർഡ് സഭകളും വികസന സെമിനാറും സ്ഥിരം സമിതികളിലുമെല്ലാം ചർച്ച നടത്തി അംഗീകരിച്ച കാര്യങ്ങളാണ് അന്തിമ വികസന രേഖയായി കൗൺസിലിൽ എത്തുന്നത്. എന്നിട്ടും പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ തടസ്സമുന്നയിക്കുന്നത് ശരിയല്ല. റോഡ് നിർമാണവും അറ്റകുറ്റപ്പണിയും മാത്രമേ വാർഡ് അടിസ്ഥാനത്തിൽ നടപ്പാക്കാനാവൂ എന്നതാണ് കീഴ്വഴക്കം. പൊതുഭരണ രംഗത്ത് കേരളം ചർച്ച ചെയ്യാനിരിക്കുന്ന കാര്യങ്ങളാണ് വരുന്ന അഞ്ച് കൊല്ലത്തേക്കുള്ള പദ്ധതിയിലുള്ളത്. കോർപറേഷൻ സോണൽ ഓഫിസുകളുടെ നവീകരണം തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പാക്കാനുള്ളത്. കഴിഞ്ഞ വർഷം വാർഡ് തലത്തിൽ പ്ലാൻ ഫണ്ട് വെക്കാനായില്ലെങ്കിലും മറ്റ് ഫണ്ടുകൾ ലഭ്യമാക്കി. ലൈഫ് പദ്ധതിക്ക് 20 കോടിയാണ് ലഭ്യമാക്കുന്നത്. ആസൂത്രണ സമിതി അംഗീകരിച്ച പ്ലാൻ ഫണ്ട് ഉപയോഗിക്കാതിരിക്കാൻ കഴിയില്ല. 17.5 കോടി നഗരത്തിന്റെ പൊതുവികസനത്തിന് ലഭ്യമാക്കുന്നുവെന്നതാണ് ശ്രദ്ധേയമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.