കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. തിരുവനന്തപുരത്തുനിന്ന് ഓൺലൈനിലാണ് അദ്ദേഹം കർമം നിർവഹിച്ചത്. ഇതോടനുബന്ധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായി.
സമയബന്ധിതമായി വികസനം നടപ്പാക്കാനാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എം.കെ. രാഘവൻ എം.പി, മേയർ ഡോ. ബീന ഫിലിപ് എന്നിവർ സംസാരിച്ചു. അഡീഷനൽ ഡിവിഷൻ റെയിൽവേ മാനേജർ സി.ടി. സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു.
കിറ്റ്കോ തയാറാക്കിയ 473 കോടി രൂപയുടെ നവീകരണ പദ്ധതികളാണ് തുടങ്ങുക. റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 2009ല്‍ യു.പി.എ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയുടെ രണ്ടാംഘട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എം.കെ. രാഘവന് എം.പി പറഞ്ഞു.
സമഗ്രവികസന പദ്ധതിയില്‍ നിലവിലെ അഞ്ച് ട്രാക്കുകള്‍ക്ക് പുറമെ നാല് പുതിയ ട്രാക്കുകളാണ് വരുന്നത്. ഇതോടെ ഒമ്പത് ട്രാക്കുകള്‍ യാഥാർഥ്യമാക്കും. നിലവിലെ അഞ്ച് മീറ്റര്‍ വീതിയിലുള്ള രണ്ട് ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ക്ക് പകരം 12 മീറ്റര്‍ വീതിയിലുള്ള ഇരിപ്പിടങ്ങളോടു കൂടിയ രണ്ട് പുതിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ സ്റ്റേഷന്റെ തെക്ക് ഭാഗത്തും വടക്കു ഭാഗത്തും സ്ഥാപിക്കും.
കിഴക്കുഭാഗത്തുള്ള ടെര്‍മിനലിനെയും പടിഞ്ഞാറു ഭാഗത്തുള്ള ടെര്‍മിനലിനെയും ബന്ധിപ്പിച്ച് മധ്യത്തില്‍ 48 മീറ്റര്‍ വീതിയിലുള്ള കോണ്‍കോഴ്സില്‍ ബിസിനസ് ലോഞ്ച് അടക്കമുള്ളവ സജ്ജീകരിക്കും. ഇരു ഭാഗങ്ങളിലും മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യങ്ങളും പാര്‍ക്കിങ്ങുകളിലേക്ക് ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളില്നിന്നും കോണ്‍കോഴ്സില്‍നിന്നും സ്കൈവാകും നിർമിക്കും.
നിലവിലെ മുഴുവന്‍ റെയില്‍വേ ക്വാർട്ടേഴ്സുകളും പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ നാല് ടവറുകളിലായി ബഹുനില ക്വാർട്ടേഴ്സ് നിർമിക്കും. പടിഞ്ഞാറ് ഭാഗത്തുമാത്രം 4.2 ഏക്കറില്‍ വാണിജ്യ കേന്ദ്രം സജ്ജമാകും. വടക്ക് കിഴക്ക് ഭാഗത്ത് 4050 സ്ക്വയര്‍ മീറ്ററിലും തെക്ക് കിഴക്കു ഭാഗത്ത് 1306 സ്ക്വയര്‍ മീറ്ററിലും വാണിജ്യ കേന്ദ്രങ്ങള്‍ യാഥാർഥ്യമാവും.
ആർ.എം.എസ്, പാര്‍സല്‍ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക കേന്ദ്രം, ഗ്രൗണ്ട് പാര്‍ക്കിങ്, ഭാവിയിലെ ലൈറ്റ് മെട്രോ സ്റ്റേഷനെ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ടെര്‍മിനല്‍ പണിയാനുള്ള കേന്ദ്രം എന്നിവയും പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സിസ് റോഡില്‍നിന്ന് നിലവിൽ ചുറ്റിവളഞ്ഞുവേണം റെയിൽവേ സ്റ്റേഷനിലെത്താൻ. ഈ പ്രശ്നം പരിഹരിക്കാൻ നാലാം പ്ലാറ്റ്ഫോമിലേക്ക് റോഡ് നിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.