പുതുവേഗത്തിലേക്ക്, ദൂരത്തേക്ക്; ജില്ല സ്കൂൾ കായികമേളക്ക് ഇന്ന് തുടക്കം

കോഴിക്കോട്: ദൂരവും വേഗവും താണ്ടി പുതുചരിത്രം കുറിക്കുന്ന കൗമാര കായികതാരങ്ങളുടെ വീറുറ്റ പോരാട്ടത്തിന് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയം സജ്ജമായിക്കഴിഞ്ഞു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി 128 ഇനങ്ങളിൽ ആയിരത്തിലേറെ കായിക താരങ്ങളാണ് മാറ്റുരക്കുക.

അവസാനവട്ട ഒരുക്കവും പൂർത്തിയായിക്കഴിഞ്ഞതായി സംഘാടകസമിതി അറിയിച്ചു. ആദ്യ ദിനം രാവിലെ മുതൽ മത്സരങ്ങൾ ആരംഭിക്കും. 34 ഇനങ്ങളിലാണ് ആദ്യദിനം മത്സരം നടക്കുക. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മേയർ ഡോ. ബീന ഫിലിപ്പ് മേള ഉദ്ഘാടനം ചെയ്യും. പി.ടി. ഉഷയുടെ കോച്ച് പത്മശ്രീ ഒ.എം. നമ്പ്യാരുടെ മണിയൂർ മീനത്തുംകരയിലെ ശവകുടീരത്തിൽനിന്ന് മുൻ അന്തർദേശീയ

വാക്കിങ് താരവും മണിയൂർ ഹൈസ്കൂൾ വിദ്യാർഥിയുമായ എ.എം. വിൻസി കായിക മേളയുടെ ദീപശിഖ തിരിതെളിച്ചു ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂരിന് കൈമാറി. കായികതാരങ്ങളുടെയും വിദ്യാർഥികളുടെയും വൻ പങ്കാളിത്തത്തോടെയായിരുന്നു ദീപശിഖ പ്രയാണം. പിന്നീട് മണിയൂർ സ്കൂളിൽ ദീപശിഖ റാലിക്ക് സ്വീകരണവും നൽകി. ചൊവ്വാഴ്ച ഉദ്ഘാടന ചടങ്ങിൽ മുൻ ദക്ഷിണേഷ്യൻ കായികതാരം ഇബ്രാഹീം ചീനിക്ക ദീപശിഖ, സ്റ്റേഡിയത്തിലെ വിളക്കിലേക്ക് കൈമാറും.

ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമപഞ്ചായത്തംഗം കെ. ചിത്ര അധ്യക്ഷത വഹിച്ചു. ഫുട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് രാം അവതർ, അംഗം വി.പി. അബ്ദുൽ കരീം, നമ്പ്യാരുടെ മക്കളായ പി. മുരളീധരൻ, ഒ. സുരേഷ് ബാബു, ഭാര്യ ലീല നമ്പ്യാർ, കുടുംബാംഗങ്ങളായ ഹസ്‌നി മുരളീധരൻ, മായ സുരേഷ്, ഒ. മധു തുടങ്ങിയവരും പങ്കെടുത്തു. 

Tags:    
News Summary - District school sports fair starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.