കോഴിക്കോട്: പരിസ്ഥിതി സൗഹൃദമെന്നും ചെലവു കുറവെന്നും പറഞ്ഞ് നിരത്തിലിറക്കിയ ഇലക്ട്രിക് ഓട്ടോകൾ വാങ്ങിയവർ പ്രതിസന്ധിയിൽ. വിവിധങ്ങളായ പ്രശ്നങ്ങളാണ് ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാരെ അലട്ടുന്നത്. ജില്ലയിൽ ആവശ്യത്തിന് ചാർജിങ് പോയന്റുകളില്ല എന്നതാണ് പ്രധാന പ്രശ്നം. 2000ത്തോളം ഇ -ഓട്ടോകൾക്കായി 50 ഓളം ചാർജിങ് പോയന്റുകളാണ് നിലവിലുള്ളത്. ഇവയിൽ പലതും ശരിയായി പ്രവർത്തിക്കുന്നില്ലെന്നും പരാതിയുണ്ട്.
ചാർജിങ് സ്റ്റേഷനുകളുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നാല് മുതൽ ആറ് മണിക്കൂർ വരെയാണ് ഒരു ഇ -ഓട്ടോ ഫുൾ ചാർജ് ആകാൻ എടുക്കുന്ന സമയം. ചാർജിങ് പോയന്റുകളുടെ എണ്ണക്കുറവുമൂലം മണിക്കൂറുകൾ ക്യൂവിൽനിന്ന് മാത്രമാണ് ഓട്ടോകൾക്ക് ചാർജ് ചെയ്യാൻ കഴിയുന്നത്. ജില്ലയിൽ ഇലക്ട്രിക് കാറുകളുടെയും സ്കൂട്ടറുകളുടെയും എണ്ണം കൂടിയതോടെ ഇ -ഓട്ടോ ഡ്രൈവർമാരുടെ കാത്തിരിപ്പിന്റെ നീളവും ഇരട്ടിച്ചു.
നേരത്തേ വൈദ്യുതി ബോർഡ് ഇ -ഓട്ടോ ഡ്രൈവർമാർക്ക് ഗാർഹിക കണക്ഷനുപുറമെ പ്രത്യേകമായി എൽ.ടി. ടെൻ എന്ന പേരിൽ കണക്ഷൻ കൂടി നൽകിയിരുന്നു. വീട്ടിൽ വെച്ചുതന്നെ വാഹനം ചാർജ് ചെയ്യാൻ കഴിയും എന്നതായിരുന്നു ഗുണം. രാത്രിയിൽ ചാർജ് ചെയ്യാൻ കഴിയുന്നതുമൂലം ചാർജിങ് സ്റ്റേഷനുകളിൽ മണിക്കൂറുകളോളം കാത്തിരിക്കുകയും വേണ്ട. യൂനിറ്റിന് ആറു രൂപയായിരുന്നു ഇതിന് വൈദ്യുതി ബോർഡ് ഈടാക്കിയിരുന്നത്.
എന്നാൽ, ഇ -ഓട്ടോ ഡ്രൈവർമാർക്ക് വലിയ സഹായമായിരുന്ന സംവിധാനം ചാർജിങ് പോയന്റുകൾ ഉണ്ടെന്ന കാരണം പറഞ്ഞ് വൈദ്യുതി ബോർഡ് നിർത്തലാക്കുകയായിരുന്നു. ചാർജിങ് പോയന്റുകളിൽ ക്യൂ നിന്ന് മടുത്ത് വീട്ടിൽ നിന്നും ചാർജ് ചെയ്യുന്നവർക്ക് 12000-15000ത്തിനും ഇടയിൽ വൈദ്യുതി ബില്ലാണ് നൽകേണ്ടിവരുന്നത്. അധിക വൈദ്യുതി ഉപയോഗിക്കുന്നതിനാൽ സ്ലാബ് മാറുന്നത് ഇവർക്ക് ഇരട്ടി ബാധ്യതയാണ് വരുത്തിവെക്കുന്നത്. എൽ.ടി ടെൻ കണക്ഷൻ പുനസ്ഥാപിക്കുകയാണ് പ്രശ്നത്തിനുള്ള പരിഹാരമെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും വൈദ്യുതി ബോർഡ് തങ്ങളുടെ ആവശ്യം പരിഗണിക്കുന്നില്ലെന്ന് കേരള സ്റ്റേറ്റ് ഇൻഡിപെൻഡന്റ് ഇ റിക്ഷ ഡ്രൈവേഴ്സ് യൂനിയൻ ജില്ല പ്രസിഡന്റ് സി.ടി. കബീറും സെക്രട്ടറി സുബീഷും പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അദാലത്തിലും കെ.എസ്.ഐ.ഇ.ആർ.ഡി.യു ആവശ്യമുയർത്തിയെങ്കിലും ഉത്തരം നൽകാൻ പോലും അധികൃതർ തയാറായിട്ടില്ല. നഷ്ടക്കണക്കുകളുടെ പേര് പറഞ്ഞ് വൈദ്യുതി ബോർഡ് പാവപ്പെട്ട ഓട്ടോ ഡ്രൈവർമാരെ പിഴിയുകയാണ്.
കോഴിക്കോട് ബീച്ചിലും മറ്റുമുള്ള ചാർജിങ് സ്റ്റേഷനുകളിൽ മറ്റ് വാഹനങ്ങൾ നിർത്തിയിട്ട് ഉടമസ്ഥർ പോകുന്നതും പതിവാണ്. ഇതുമൂലം ഇ ഓട്ടോകൾക്ക് ചാർജ് ചെയ്യുന്ന സമയത്ത് നിർത്തിയിടാൻ സ്ഥലം ലഭിക്കുന്നില്ല. തൊട്ടടുത്തുള്ള റോഡിലോ മറ്റ് വാഹനം നിർത്തിയിട്ട് ചാർജ് ചെയ്യേണ്ട ഗതികേടിലാണ് ഡ്രൈവർമാർ. ഇത് ശ്രദ്ധയിൽപെട്ടാൽ ഉടനെ പൊലീസ് പിഴ ഈടാക്കുകയും ചെയ്യുന്നു. പ്രശ്നപരിഹാരത്തിനായി വീടുകളിൽ നൽകിയിരുന്ന എൽ.ടി ടെൻ കണക്ഷൻ പുനഃസ്ഥാപിക്കണമെന്നും കൂടുതൽ ചാർജിങ് പോയന്റുകൾ അനുവദിക്കണമെന്നുമാണ് ഇ ഓട്ടോ ഡ്രൈവർമാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.