കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ മേയ് മൂന്നു മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുങ്ങുന്നത് വൈവിധ്യമാര്‍ന്ന പ്രമേയങ്ങളും ഉല്പന്നങ്ങളും സേവനങ്ങളും നല്കുന്ന നൂറുകണക്കിന് സ്റ്റാളുകള്‍.
വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ചേര്‍ന്നൊരുക്കുന്ന തീം, സേവന സ്റ്റാളുകളിലെ ഉള്ളടക്കം, ഡിസൈന്‍, അവതരണ രീതി തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും മേധാവികള്‍ പങ്കെടുത്തു.
വിവിധ മേഖലകളില്‍ കൈവരിച്ച വികസന പദ്ധതികള്‍ മികവോടെ അവതരിപ്പിക്കുന്നതിനോടൊപ്പം സര്‍ക്കാര്‍ സേവനങ്ങള്‍, ക്ഷേമപദ്ധതികള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സ്റ്റാളുകളില്‍ അവസരമൊരുക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ മേളയിലുണ്ടാവും.
ജലം, മണ്ണ്, ഭക്ഷണ സാധന, ആരോഗ്യ പരിശോധനകള്‍, ഹെല്‍ത്ത് കാര്‍ഡ് രജിസ്ട്രേഷന്, രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതിനുള്ള ഡിജി ലോക്കര്‍ രജിസ്ട്രേഷന്, പുസ്തക മേള, കുട്ടികള്‍ക്കായുള്ള എന്റര്‍ടെയിന്‍മെന്റ് ഏരിയ, ആക്ടിവിറ്റി സോണുകള്‍, ഇ-സ്പോര്‍ട്സ് സോണ്‍ തുടങ്ങിയവ സജ്ജീകരിക്കും.
കാര്‍ഷിക ഉല്പന്നങ്ങള്, യന്ത്രങ്ങള്‍, ചെടികള്‍, പക്ഷികള്‍, പ്രത്യേക ഇനം വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും മേളയുടെ ഭാഗമായി നടക്കും. ദുരന്തനിവാരണം, മയക്കുമരുന്നിനെതിരായ പ്രതിരോധം, കരിയര്‍- വിദ്യാഭ്യാസ ഗൈഡന്‍സ്, കൗണ്‍സലിങ്, സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
കുടുംബശ്രീയുടെ സരസ്സ് മേളയുടെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളുമായി മുന്നൂറോളം വിപണന സ്റ്റാളുകളും ഒരുക്കും. വിശാലമായ ഫുഡ് കോര്‍ട്ടും എല്ലാ ദിവസവും കലാ-സംഗീത പരിപാടികളും ഉണ്ടാകും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്. മീണ, ജില്ല പൊലീസ് മേധാവി അരുണ്‍ കെ. പവിത്രന്, എ.ഡി.എം സി. മുഹമ്മദ് റഫീക്ക്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.പി. അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.