കോഴിക്കോട്: പനിബാധിതരുടെ എണ്ണം വർധിക്കാൻ തുടങ്ങിയതോടെ സർക്കാർ ആശുപത്രികളിൽ പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങി. വടകര, കൊയിലാണ്ടി, ബീച്ച് ആശുപത്രി, താമരശ്ശേരി, കുറ്റ്യാടി എന്നിവിടങ്ങളിലാണ് പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിച്ചത്. 10നും 20നും ഇടയിൽ പനിബാധിതരെത്തിയിരുന്ന സർക്കാർ ആശുപത്രികളിൽ പനി സ്ഥിരീകരിക്കുന്നവരുടെ എണ്ണം 100ന് മുകളിൽ എത്തിയതോടെയാണ് പ്രത്യേക ക്ലിനിക്കുകൾ സജ്ജീകരിച്ചത്.
സ്വകാര്യ ആശുപത്രികളിലും സമാനരീതിയിൽ പനിബാധിതർ എത്തുന്നുണ്ട്. പനിയും കടുത്ത ക്ഷീണവുമായാണ് പലരും ആശുപത്രികളിലെത്തുന്നത്. ചുമയും ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്. സ്കൂളുകൾ തുറന്നതോടെ വിദ്യാർഥികൾക്കിടയിലും പനി പടർന്നുപിടിക്കുന്നുണ്ട്.
എന്നാൽ, സാധാരണ പനിയാണ് കൂടുതലും റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പകർച്ചപ്പനി ബാധിക്കുന്നവരെ മരുന്നുനൽകി വീട്ടിലേക്ക് വിടുകയാണ് ചെയ്യുന്നത്. കിടത്തിച്ചികിത്സ ആവശ്യമുള്ളവരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്നുള്ളൂ.
ജൂൺ ഒന്നുമുതൽ ജില്ലയിൽ 13,000ത്തിലധികം പേർക്കാണ് പനി ബാധിച്ചത്. കൂരാച്ചുണ്ട്, വയലട, അരിക്കുളം, മങ്ങാട്, കോഴിക്കോട് കോർപറേഷൻ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ഡെങ്കി കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 17 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്.
ചേളന്നൂർ, ഓമശ്ശേരി പ്രദേശങ്ങളിൽ എലിപ്പനിയും റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇവയെല്ലാം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഹെപ്പറ്റൈറ്റിസ് എയും ഷിഗല്ലയും ജില്ലയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അപൂർവമായി മലേറിയ, മഞ്ഞപ്പിത്ത രോഗങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പനി പടരുന്ന സാഹചര്യത്തിൽ ശ്രദ്ധപുലർത്താൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇടവിട്ടുള്ള മഴമൂലം പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ട്. ഇവിടങ്ങളിൽ കൊതുകുകൾ പെരുകുന്നതാണ് പനിയും ഡെങ്കിപ്പനിയും വർധിക്കാൻ കാരണം.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉറവിട നശീകരണമടക്കമുള്ള പ്രതിരോധ നടപടികൾ ജില്ലയിൽ ഊർജിതമാക്കിയിട്ടുണ്ട്. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുതെന്നും ആഴ്ചയിലൊരിക്കൽ വീടിന് ചുറ്റും നിരീക്ഷിച്ച് വെള്ളം കെട്ടിനിൽക്കുന്ന ഉറവിടങ്ങൾ കണ്ടെത്തി വെള്ളം നീക്കം ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.